ആരാണ് മിസ്ത്രി സഞ്ചരിച്ച കാറോടിച്ച അനഹിത പാ​​ൻഡോൾ? അവരെ കുറിച്ച് കൂടുതലറിയാം

മുംബൈ: വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രിയുടെ ജീവനെടുത്ത വാഹനാപകടത്തിൽ കാർ ഓടിച്ചത് ആരാണ് എന്നായിരുന്നു ആദ്യം ഉയർന്ന ചോദ്യം. ഒരു വനിതയാണ് കാർ ഓടിച്ചത് എന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ ബോധ്യപ്പെട്ടു.

അവരെ കുറിച്ചുള്ള വിവരങ്ങൾ അറിയാനായിരുന്നു പിന്നീട് ആളുകൾക്ക് താൽപര്യം. ഡോ. അനഹിത പാൻഡോൾ എന്ന ഗൈനക്കോളജിസ്റ്റാണ് അപകട സമയം കാറോടിച്ചത്. മിസ്ത്രിയുടെ കുടുംബ സുഹൃത്തായ ഡാരിയസ് പാൻഡോളിന്റെ ഭാര്യയാണിവർ. അപകടത്തിൽ മിസ്ത്രിയും മറ്റൊരു സുഹൃത്തായ ജഹാംഗീർ പാൻഡോളും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അനഹിതയും ഡാരിയസും മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

മുംബൈയിലെ പ്രശ്സത ഗൈനക്കോളജിസ്റ്റുകളിൽ ഒരാളാണ് അനഹിത. 32 വർഷമായി ആതുരചികിത്സാ രംഗത്തുണ്ട്. തോപിവാല നാഷനൽ മെഡിക്കൽ കോളജ് ആൻഡ് ബി.വൈ.എൽ നായർ ചാരിറ്റബിൾ ആശുപത്രിയിൽ നിന്ന് 1990ലാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. അതേ കോളജിൽ നിന്നു തന്നെ 1994ൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ എം.ഡിയും നേടി.


ജസ്​ലോക്, ബ്രീച്ച് കാൻഡി, മാസിന, ബി.ഡി. പെറ്റിറ്റ് പാഴ്സി ജനറൽ ആശുപത്രി എന്നീ പ്രശസ്ത ആശുപത്രികളിലാണ് ഇവരുടെ സേവനം ലഭിച്ചിരുന്നത്. വിദഗ്ധ ഡോക്ടർ എന്നതിലുപരി, മുംബൈ യൂനിവേഴ്സിറ്റിയിലെ അറിയപ്പെടുന്ന അധ്യാപക കൂടിയായിരുന്നു അവർ. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് പ്രതിനിധിയും ആണ്. ഹൈ റിസ്ക് ഒബ്സ്റ്റട്രിക്സ്,പെൽവിക് എൻഡോസ്കോപി ആൻഡ് ഇൻഫെർട്ടിലിറ്റിയിലാണ് അനഹിതയുടെ സ്‍പെഷ്യലൈസേഷൻ. നിരവധി ഗവേഷക പ്രബന്ധങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സാമൂഹിക രംഗത്തും ഇവരുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. പാഴ്സി പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന അനഹിത ജിയോ പാഴ്സി പദ്ധതിയുടെ സഹസ്ഥാപകയാണ്. പാഴ്സി സമുദായത്തിലെ ജനസംഖ്യ വർധിപ്പിക്കുന്നത് ലക്ഷ്യമിട്ട പദ്ധതിയാണിത്. മുംബൈയിലെ അനധികൃത പരസ്യ ബോർഡുകൾക്കെതിരായ പ്രചാരണങ്ങളിലും സജീവമായിരുന്നു.

കാറിന്റെ മുൻസീറ്റിലാണ് ഡാരിയസ് പാൻഡോൾ ഇരുന്നത്. മംഗോള, ലെമനാഡെ,ഡ്യൂക് ​സോഡ തുടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾ നിർമിക്കുന്ന ഡ്യൂക് കമ്പനിയുടമയായ ഡിൻഷോ പാൻഡോളിന്റെ മകനാണിദ്ദേഹം. 1994 ൽ പെപ്സികോ ഇന്ത്യയും ഇവരുടെ കമ്പനി ഏറ്റെടുത്തു. ഇക്കഴിഞ്ഞ ആഗസ്റ്റ് 29നാണ് ഡിൻഷോ പാൻഡോൾ അന്തരിച്ചത്.

മുംബൈയിലെ ​ജെ.എം ഫിനാൻഷ്യൽ പ്രൈവറ്റ് ഇക്വിറ്റിയുടെ സി.ഇ.ഒ കൂടിയാണിദ്ദേഹം. ടാറ്റ ഗ്രൂപ്പിന്റെ സ്വതന്ത്ര ഡയറക്ടർ ആയിരുന്ന ഡാരിയസ് മിസ്ത്രിയെ ടാറ്റയിൽ നിന്ന് നീക്കിയതിനെ ശക്തമായി എതിർത്തിരുന്നു.

Tags:    
News Summary - Who is Anahita Pandole

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.