ആഴക്കടലിലും ഒഴുക്കുള്ള നദികളിലും രക്ഷാപ്രവർത്തനം നടത്തുന്ന മുങ്ങൽ വിദഗ്ധൻ; ആരാണീ ഈശ്വർ മാൽപെ?

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ തിരച്ചിൽ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തിരിക്കുകയാണ്. ആരാണ് ഈശ്വർ മാൽപെ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികം. ഒരുപാട് രക്ഷാദൗത്യങ്ങൾക്ക് നേതൃത്വം വഹിച്ച അനുഭവ സമ്പത്തുള്ള മുങ്ങൽ വിദഗ്ധനാണ് ഈശ്വർ മാൽപെ എന്ന 48 വയസുകാരൻ. അമ്മക്കും ഭാര്യക്കും മൂന്ന് മക്കൾക്കുമൊപ്പം മാൽപെ ബീച്ചിന് സമീപമാണ് താമസം. തന്നെ തേടി ഫോൺ വിളി എത്തിയാൽ രാത്രിയെന്നോ ​പകലെന്നോ നോക്കാതെ ഈശ്വർ ദുരന്ത​മുഖത്തേക്ക് ഓടിയെത്തും.

കർണാടകയിലെ നിരവധി ദുരന്തമുഖങ്ങളിൽ സ്വന്തം ജീവൻ തൃണവത്കരിച്ച് ഈശ്വർ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്. അങ്ങനെ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റിയത് നിരവധി പേരെയാണ്. മുങ്ങിത്താഴ്ന്ന് മരണമുഖം കണ്ട 20ലേറെ ആളുകളെ ഈശ്വർ ജീവിതത്തിന്റെ കരയിലേക്ക് അടുപ്പിച്ചു. കടലിലും പുഴയിലും ജീവൻ നഷ്ടമായ 200ലേറെ പേരുടെ മൃതദേഹങ്ങളും ഇദ്ദേഹം കരക്കെത്തിച്ചു. വെള്ളത്തിനടിയിലും തിരച്ചിൽ നടത്തും.

മത്സ്യ ബന്ധന ബോട്ടുകൾക്ക് കുടിവെള്ളം എത്തിക്കലാണ് ഈശ്വറിന്റെ പ്രധാന ജോലി. മൂന്ന് മിനിറ്റ്‍ വരെ വെള്ളത്തിനടിയിൽ ശ്വാസം പിടിച്ച് നിൽക്കാൻ ഈശ്വറിന് സാധിക്കും. അടുത്ത കാലം വരെ ഓക്സിജൻ കിറ്റ് പോലുമില്ലാതെയായിരുന്നു ഇദ്ദേഹത്തിന്റെ രക്ഷാപ്രവർത്തനം. ചുഴലിക്കാറ്റിൽ പെട്ടവരെയും ജീവനൊടുക്കാൻ പുറപ്പെട്ടവരും ഈശ്വറിന്റെ കൈകൾ രക്ഷപ്പെടുത്തി.

ഉഡുപ്പിയിൽ ഒരാളെ വെള്ളത്തിൽ വീണ് കാണാതായ ആദ്യം പൊലീസ് വിളിക്കുക ഈശ്വറിനെയാണ്. മൂന്ന് മക്കളും ഭിന്നശേഷിക്കാരനായതിനാൽ ഈശ്വറിന് സാമ്പത്തിക ബുദ്ധിമുട്ടുകളും ഏറെയുണ്ട്. എന്നാൽ പണം ഒരിക്കലും തന്നെ സ്വാധീനിച്ചിട്ടില്ലെന്നാണ് ഈശ്വർ പറയുക. ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള എട്ടംഗ മത്സ്യത്തൊഴിലാളി സംഘമാണ് ഇപ്പോൾ തിരച്ചിലിൽ പങ്കാളികളായത്. ഗംഗാവാലിയിലെ ശക്തമായ ഒഴുക്കും പ്രതികൂല കാലാവസ്ഥയും വകവെക്കാതെ അർജുനായി തിരച്ചിൽ തുടരുകയാണ് ഈ സംഘം. ആദ്യഘട്ടത്തിൽ മൂന്ന് തവണ ഇവർ നദിയുടെ ആഴങ്ങളിലേക്ക് ഇറങ്ങി. ഇന്ന് അഞ്ച് തവണ ഇറങ്ങിയെങ്കിലും ട്രക്കിനടുത്തേക്ക് എത്താൻ സാധിച്ചില്ല. അഞ്ച് തവണയും ഈശ്വർ തന്നെയാണ് ഇറങ്ങിയത്. ആദ്യഘട്ടത്തിൽ ബന്ധിപ്പിച്ച കയർ പൊട്ടി ഈശ്വർ 150 മീറ്ററിലേറെ ഒഴുകിപ്പോയിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്നവരാണ് ഈശ്വറിനെ തിരികെ കയറ്റിയത്. ദേഹത്ത് വടംകെട്ടിയിട്ടാണ് സംഘം പുഴയിലേക്ക് ഇറങ്ങുന്നത്. കൈയിൽ ഇരുമ്പ് ദണ്ഡുണ്ടാകും. നദിയുടെ അടിയിലേക്ക് കാഴ്ച പരിമിതിയുള്ളതിനാൽ ഈ ഇരുമ്പ് ദണ്ഡ് എന്തി​ലെങ്കിലും തട്ടുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇരുട്ടായാൽ സംഘം തിരച്ചിൽ ഇന്ന് തൽകാലം അവസാനിപ്പിച്ച് നാളെ തുടരും. 

Tags:    
News Summary - Who is Eshwar Malpe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.