പ്രഭാകർ ചൗധരി ഐ.പി.എസ്: യു.പിയി​ലെ നട്ടെല്ല് വളക്കാത്ത പൊലീസ് സൂപ്രണ്ട്, 13 വർഷത്തിനിടെ സ്ഥലം മാറ്റിയത് 30ഓളം തവണ

ലഖ്നോ: പ്രഭാകർ ചൗധരി ഐ.പി.എസ്. 2010 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ. 39 വയസ്സുകാരൻ. 2010 ൽ സേനയിൽ ചേർന്ന ഇദ്ദേഹത്തെ യു.പിയിലെ ബി.ജെ.പി സർക്കാർ നോട്ടമിടാൻ തുടങ്ങിയിട്ട് കാലമേറെയായി. അതിന്റെ പ്രതിഫലനമാണ് 13 വർഷത്തിനിടെ കിട്ടിയ 30 ഓളം സ്ഥലംമാറ്റങ്ങൾ. ഒടുവിൽ ഇന്നലെയും ഒരു സ്ഥലംമാറ്റ ഉത്തരവ് അദ്ദേഹത്തെ തേടിയെത്തി.

ഉത്തർപ്രദേശിലെ ബറേലിയിൽ മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്ത് കലാപത്തിന് ശ്രമിച്ച കൻവാരിയൻ തീർഥാടകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയതിനാണ് പ്രഭാകർ ചൗധരിയെ യോഗി ആദിത്യനാഥ് സർക്കാർ ഇന്നലെ വീണ്ടും സ്ഥലംമാറ്റിയത്. ലാത്തിച്ചാർജ് നടത്തി നാലാം മണിക്കൂറിൽ തന്നെ ഉത്തരവിറങ്ങി.

കൻവാർ തീർഥാടന റൂട്ടിലില്ലാത്ത പ്രദേശത്തുകൂടി ഘോഷയാത്ര നടത്തി ലഹളയുണ്ടാക്കാനായിരുന്നു ഒരുകൂ​ട്ടം കൻവാരിയൻ തീർഥാടകരുടെ ശ്രമം. ആറ് മണിക്കൂറോളം നേരം പൊലീസ് സംസാരിച്ച് പിന്തിരിപ്പിക്കാൻ ​ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. പൊലീസിനെതിരെ കേട്ടാലറയ്ക്കുന്നഭാഷയിൽ മുദ്രാവാക്യം വിളിച്ചും ഉച്ചത്തിൽ ഡിജെ വെച്ചും ഇവർ കൂടുതൽ പ്രകോപനം സൃഷ്ടിച്ച​തോടെ പ്രഭാകർ ചൗധരി ലാത്തിച്ചാർജിന് ഉത്തരവിട്ടു. ഉടനടി പൊലീസ് ലാത്തിവീശി അക്രമികളെ തുരത്തി. അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ഇതിനുപിന്നാലെയാണ് രാത്രിയോടെ സ്ഥലംമാറ്റിയത്. ബറേലി സീനിയർ പൊലീസ് സൂപ്രണ്ടായിരുന്ന ഇദ്ദേഹത്തിന് ലഖ്‌നൗവിലെ 32ാമത് പൊലീസ് ബറ്റാലിയന്റെ ചുമതലയാണ് പുതുതായി നൽകിയത്.

കർക്കശക്കാരനായ പൊലീസുകാരൻ; ഏറ്റുമുട്ടൽ കൊലകൾക്കെതിരെ ഉറച്ചനിലപാട്

നിയമം പാലിക്കുന്നതിലും നടപ്പാക്കുന്നതിലും കർക്കശക്കാരനായാണ് പ്രഭാകർ ചൗധരി ഐപിഎസ് അറിയപ്പെടുന്നത്. ഉത്തർപ്രദേശിൽ നിലനിൽക്കുന്ന ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെ ഉറച്ച നിലപാടെടുത്ത പൊലീസുകാരൻ. വി.ഐ.പി സംസ്കാരത്തിന് അടിയറവ് പറയാത്തതിനാൽ പല രാഷ്ട്രീയ നേതാക്കൾക്കും ഇദ്ദേഹം കണ്ണിലെ കരടാണ്. ഇതിന്റെ ഭാഗമായി ബല്ലിയ, ബുലന്ദ്ഷഹർ, മീററ്റ്, വാരണാസി, കാൺപൂർ തുടങ്ങി സംസ്ഥാനത്തുടനീളം ട്രാൻസ്ഫറുകൾ തേടിയെത്തി. പൊലീസ് ഉദ്യോഗസ്ഥനാണെന്ന ജാട കാണിക്കാതെ ലാളിത്യം നിറഞ്ഞ പെരുമാറ്റവും ഇടക്കിടെ നടത്തുന്ന മിന്നൽ പരിശോധനകളും ഇദ്ദേഹത്തിന് സാധാരണ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിക്കൊടുത്തിട്ടുണ്ട്.

2016ൽ കാൺപൂർ ദേഹാത്ത് എസ്‌.പിയായ പ്രഭാകർ ഓഫിസിലേക്ക് ബസിൽ പോയതും അപകടത്തിൽ പരിക്കേറ്റവരെ സ്വന്തം കാറിൽ ആശുപത്രിയിൽ എത്തിച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 2017ൽ മഥുര ജില്ലയുടെ ചുമതലയിലിരിക്കെ മാഫിയകളെയും പ്രാദേശിക ക്രിമിനൽ സംഘങ്ങളെയും നിലക്കുനിർത്തിയിരുന്നു. അവിടെ ചുമതലയേറ്റ് മൂന്ന് മാസത്തിനകം തന്നെ സ്ഥലം മാറ്റി. 2018 ജൂൺ 30ന് സീതാപൂർ എ.എസ്.പിയായി നിയമിച്ചെങ്കിലും ആറ് മാസത്തിനുള്ളിൽ സ്ഥലം മാറ്റി.

1984 ജനുവരി ഒന്നിന് ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലാണ് പ്രഭാകർ ചൗധരി ജനിച്ചത്. അലഹബാദ് സർവകലാശാലയിൽ നിന്ന് ബിഎസ്‌സി ബിരുദം. തുടർന്ന് എൽ.എൽ.ബി പഠിച്ചു. കുട്ടിക്കാലം മുതൽ വായനാതൽപ്പരൻ. ഹൈസ്‌കൂളിലും ഇന്റർമീഡിയറ്റിലും 76 ശതമാനം മാർക്ക് നേടി. അലഹബാദ് സർവകലാശാലയിൽ നിന്ന് 61 ശതമാനം മാർക്കോടെ ബിഎസ്‌സി പാസായി. ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവിസ് പരീക്ഷ പാസായി ഐ.പി.എസ് ഉദ്യോഗസ്ഥനായി.


Tags:    
News Summary - Who Is IPS Prabhakar Chaudhary? who faced around 30 transfers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.