ന്യൂഡൽഹി: പോപ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെയാണ് ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ആഗോള ശ്രദ്ധ കൈവന്നത്. സെലബ്രിറ്റികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കർഷക സമരത്തോടൊപ്പം ലോകം ഇപ്പോൾ തിരയുന്ന മറ്റൊരു പേര് കൂടിയുണ്ട്, 25 ദിവസമായി ജയിലിൽ അടക്കപ്പെട്ട പഞ്ചാബി തൊഴിലവകാശ പ്രവർത്തക നവ്ദീപ് കൗർ.
യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ മരുമകളും സാമൂഹിക പ്രവർത്തകയുമായ മീന ഹാരിസിന്‍റെ ട്വീറ്റിനെ തുടർന്നാണ് നവ്ദീപ് കൗറിന്‍റെ അറസ്റ്റും ജയിലിൽ അനുഭവിച്ച കടുത്ത പീഡനങ്ങളും ചർച്ചയാകുന്നത്. തനിക്കെതിരെ സൈബർ ആക്രമണവും പ്രതിഷേധവും ശക്തമായ സമയത്താണ് മീന ഹാരിസ് നവ്ദീപ് കൗറിനെ കുറിച്ച് ട്വീറ്റ് ചെയ്തത്. 23കാരിയായ നവ്ദീപ് ക്രൂരമായ ആക്രമണത്തിനും ലൈംഗികാതിക്രമത്തിനും വിധേയയായതായി മീന ഹാരിസ് പറഞ്ഞിരുന്നു.
പഞ്ചാബിലെ ദലിത് ആക്ടിവിസ്റ്റ് കൂടിയായ നവ്ദീപ് കൗർ കുണ്ഡ്ലി വ്യവസായ മേഖലയിലെ മെറ്റൽ കട്ടിങ് ഫാക്ടറിയിലായിരുന്നു ജോലി ചെയ്തിരുന്നത്. മസ്ദൂർ അധികാർ സംഗതൻ എന്ന സംഘടനയുടെ അംഗമാണ്. സിംഘു അതിർത്തിയിൽ കർഷക പ്രക്ഷോഭം ആരംഭിച്ചതോടെ ഡിസംബറിൽ നവ്ദീപ് കൗർ പ്രക്ഷോഭത്തിൽ അണിചേർന്നു. പ്രക്ഷോഭത്തിൽ അണിചേർന്നതിനെ തുടർന്ന് നവ്ദീപിനെ ശമ്പളം പോലും നൽകാതെ തൊഴിലിൽ നിന്ന് പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ.
Full View
ജനുവരി 12നാണ് സിംഘു അതിർത്തിയിൽ വെച്ച് നവ്ദീപ് കൗർ അറസ്റ്റ് ചെയ്യപ്പെട്ടത്. നവ്ദീപിനെ ഹരിയാന പൊലീസ് എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് വീട്ടുകാർക്കുപോലും അറിവുണ്ടായിരുന്നില്ല. പിന്നീടാണ് ഇവർ കർനാൽ ജയിലിലാണെന്ന് അറിയുന്നത്.
24 years old Dalit and labour right activist Nodeep kaur is in jail since Jan 12th. Demand for her release..@thirumaofficial @VanniArasu_VCK@jigneshmevani80@beemji @BhimArmyChief @meenakandasamy#ReleaseNodeepKaur #SpeakUpForNodeep#FarmersCallPMForDebate #FreeNodeepKaur pic.twitter.com/QEPnjKZOEq
— Kalai Vani (@imKalaiVani) February 9, 2021
വധശ്രമം ഉൾപ്പെടെ കടുത്ത കുറ്റങ്ങളാണ് പൊലീസ് നവ്ദീപ് കൗറിന് മേൽ ചുമത്തിയത്. കൊള്ള, മാരകായുധങ്ങളുമായി കലാപം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന, പൊലീസിനെ ആക്രമിക്കൽ, അതിക്രമിച്ചുകടക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി.
സഹോദരി രജ്വീർ കൗർ കർനാൽ ജയിലിലെത്തി നവ്ദീപിനെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിൽ നവ്ദീപ് നേരിട്ട ക്രൂരതകൾ പുറത്തറിഞ്ഞത്. പുരുഷ പൊലീസുകാർ ഇവരെ അതിക്രൂരമായി മർദിച്ചിരുന്നു. ലൈംഗികാതിക്രമവും പൊലീസിൽ നിന്ന് നേരിട്ടു. സ്വകാര്യ ഭാഗങ്ങളിൽ നവ്ദീപിന് പരിക്കേറ്റിരുന്നതായി സഹോദരി പറയുന്നു. മെഡിക്കൽ റിപ്പോർട്ടിൽ ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്നതായി ഇവരുടെ അഭിഭാഷകൻ പറഞ്ഞു.
വീട്ടിലെ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്‍റെ തുടർപഠനം കൂടി ലക്ഷ്യമിട്ടാണ് നവ്ദീപ് കൗർ ജോലി ആരംഭിച്ചത്. തൊഴിൽ സ്ഥലത്തെ വിവേചനങ്ങൾക്കും തൊഴിൽ പീഡനങ്ങൾക്കും വേതനക്കുറവിനെതിരെയും നവ്ദീപ് നിരന്തരം ശബ്ദമുയർത്തിയിരുന്നു.
സിംഘുവിലെ സമരകേന്ദ്രത്തിൽ വെച്ച് നവ്ദീപ് കൗർ സംസാരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കർഷക പ്രക്ഷോഭത്തോടൊപ്പം തൊഴിലാളികൾ അണിനിരക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചാണ് നവ്ദീപ് സംസാരിച്ചത്. സർവമേഖലകളും സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവും ഉയർത്തുന്നുണ്ട്.
ഫെബ്രുവരി രണ്ടിന് നവ്ദീപിന് ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല. മീന ഹാരിസിന്‍റെ ട്വീറ്റിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ നവ്ദീപിനെ വിട്ടയക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. #ReleaseNodeepKaur എന്ന ഹാഷ്ടാഗിലാണ് ആവശ്യമുയർത്തുന്നത്.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.