ന്യൂഡൽഹി: റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപയുടെ നോട്ട് മാറ്റിക്കിട്ടാൻ തിരിച്ചറിയൽ കാർഡിന്റെ ആവശ്യമില്ലെന്ന് എസ്.ബി.ഐ വ്യക്തമാക്കിയതിനു പിന്നാലെ ആരാണ് 2000 രൂപയുടെ നോട്ട് ഉപയോഗിക്കുന്നതെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്.
കള്ളപ്പണം കണ്ടത്താൻ സഹായിക്കുന്ന 2000 രൂപയുടെ നോട്ടുകൾ എങ്ങനെയാണ് പിൻവലിക്കുന്നത്? സാധാരണ ജനങ്ങളുടെ പക്കൽ 2000 രൂപയുടെ നോട്ടുകളില്ല. 2016ല അവ പുറത്തിറക്കിയതിനു പിന്നാലെ തന്നെ അവരത് ഉപേക്ഷിച്ചിട്ടുണ്ട്. ദൈനംദിന ചെലവുകൾക്ക് അത് ഉപയോഗിക്കാൻ സാധ്യമല്ല. അതിനാൽ ആരാണ് 2000 രൂപയുടെ നോട്ടുകൾ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും? നിങ്ങൾക്കറിയാം. - ചിദംബരം ട്വീറ്റ് ചെയ്തു.
ഒരു തിരിച്ചറിയൽ കാർഡും ആവശ്യമില്ലെങ്കിൽ, ഒരു അപേക്ഷകളും പൂരിപ്പിക്കേണ്ടതില്ലെങ്കിൽ, കള്ളപ്പണം കൈവശമുള്ള ആർക്കും നീരീക്ഷിക്കപ്പെടാതെ തന്നെ പണം മാറ്റിയെടുക്കാനാകും. അതിനാൽ അവർക്കും സന്തോഷം.
കള്ളപ്പണം കണ്ടെത്താനാണ് നോട്ട് പിൻവലിക്കലെന്ന സർക്കാർ വാദങ്ങൾക്ക് തിരിച്ചടിയാണിത്. 2016 ലെ ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ നടപടിയായിരുന്നു 2000 രൂപയുടെ നോട്ട് ഇറക്കുക എന്നത്. ഏഴു വർഷങ്ങൾക്ക് ശേഷം ആ മണ്ടൻ തീരുമാനം പിൻവലിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. - ചിദംബരം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.