ഇക്കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിൽ ട്രെൻഡിങ് ആയ ഹാഷ്ടാഗാണ് 'ജസ്റ്റിസ് ഫോർ അനീഷ് ഖാൻ.' ഇതോടെ ആരാണ് അനീഷ് ഖാന്‍ എന്ന ചോദ്യം മനസിലുയരുന്നത് സ്വാഭാവികം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അനീഷ് ഖാൻ കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ അലിയ സർവകലാശാല വിദ്യാർഥിയായ ഇദ്ദേഹത്തെ ഹൗറയിലെ അംത ഏരിയയിലെ വീടിന് പുറത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭരണകൂടം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു അനീഷ് ഖാന്‍റെ മരണമെന്ന് കുടുംബം ആരോപിക്കുന്നു.
ഫെബ്രുവരി 18 ന് രാത്രി, പൊലീസ് യൂണിഫോമിലെത്തിയ നാല് പേർ അനീഷിന്‍റെ വീടിൽ അതിക്രമിച്ചു കയറി അനീഷിനെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് തള്ളിയിട്ടുവെന്ന് അനീഷിന്‍റെ കുടുംബം ആരോപിച്ചു. അവർ കൂടുംബത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു. അനീഷിനെതിരെ അന്വേഷണം നടക്കുകയാണെന്ന് പൊലീസുകാർ ആക്രോശിക്കുകയും ചെയ്തു.
കേന്ദ്ര സർക്കാറിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊൽക്കത്തയിൽ നടന്ന പ്രതിഷേധങ്ങളിൽ നേതൃസ്ഥാനം വഹിച്ചിരുന്ന വ്യക്തിയായിരുന്നു അനീഷ് ഖാന്‍. എസ്.എഫ്.ഐയിൽ നേരത്തെ പ്രവർത്തിച്ചിരുന്നു ഖാൻ പിന്നീട് ഇന്ത്യൻ സെക്കുലർ ഫ്രണ്ടിൽ ചേർന്നു.മമത ബാനർജി സർക്കാരിനെതിരെ 130 ദിവസം കുത്തിയിരിപ്പ് സമരവും ഖാന്‍ നടത്തിയിട്ടുണ്ട്. അനീഷ് ഖാന്‍റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് പശ്ചിമബംഗാളിലൂടനീളം വലിയ പ്രതിഷേധങ്ങളാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഖാന്‍റെ മരണത്തിൽ അനുശോചിക്കാന്‍ അലിയാ സർവകലാശാലയിലെ വിദ്യാർഥികളും ആക്ടിവിസ്റ്റുകളും കൊൽക്കത്തയിലെ പാർക്ക് സർക്കസ് സെവന്‍ പോയിന്റ് ക്രോസിംഗിൽ മനുഷ്യചങ്ങല തീർത്തിരുന്നു.
ഇന്നലെ ഖാന്‍റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ഡൽഹൗസി ഏരിയയിലെ റൈറ്റേഴ്‌സ് ബിൽഡിങ്ങിലേക്ക് അലിയ സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ മാർച്ചിൽ പൊലീസുകാരും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് നിരവധി വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഖാന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനെ രൂപീകരിച്ചതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചിട്ടുണ്ട്. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകുമെന്നും മമത ബാനർജി പറഞ്ഞു. ഖാന്‍റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെയും ഒരു സിവിൽ വോളന്റിയറെയും സസ്പെൻഡ് ചെയ്തിരുന്നു
അനീഷ് ഖാന് നീതി വേണമെന്നാവശ്യപ്പെട്ട് പലരും ട്വിറ്ററിലൂടെ മുന്നോട്ടു വരുന്നുണ്ട്. JusticeforAnishKhan എന്ന് ഹാഷ്ടാഗ് ചൊവ്വാഴ്ച ട്വിറ്ററിൽ ട്രെൻഡിങ് കാറ്റഗറിയിൽ ഉൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.