'കെ.സി. വേണുഗോപാൽ സ്കൂളിൽ പോയിരുന്ന കാലത്ത് ഞാൻ കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്നു'

ന്യൂഡൽഹി: കോൺഗ്രസ് വിട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ തുടർന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരുതന്നെ വന്നാലും രാഹുൽ ഗാന്ധിയുടെ അടിമയായി അദ്ദേഹത്തിന്‍റെ ഫയലും ചുമന്ന് നടക്കേണ്ടിവരുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. 90 ശതമാനം കോൺഗ്രസുകാരും കോൺഗ്രസ് അല്ലെന്നും അദ്ദേഹം ആരോപിച്ചു.

പല നേതാക്കളെയും പലയിടങ്ങളിൽ നിന്നായി കൊണ്ടുവന്നതാണ്. ചിലരെ കോളജുകളിൽ നിന്ന് കൊണ്ടുവന്നു. മുഖ്യമന്ത്രിമാരുടെ ക്ലർക്കുമാരായിരുന്ന ചിലരെ നേതാക്കളാക്കി. സ്വന്തം ചരിത്രത്തെ കുറിച്ച് പോലും ധാരണയില്ലാത്തവരോട് തർക്കിക്കാൻ എനിക്ക് കഴിയില്ല.

'ജി-23 ഉണ്ടാവുന്നതിന് മുമ്പ് തന്നെ കാര്യങ്ങൾ വിശദീകരിച്ച് ഞാൻ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. അവർ എന്താണ് ചെയ്തത്? കെ.സി. വേണുഗോപാലുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ സ്കൂളിൽ പോവുകയായിരുന്നു വേണുഗോപാൽ എന്നാണ് ഞാൻ അവരോട് പറഞ്ഞത്.

പിന്നീട് എന്നോട് പറഞ്ഞത് രൺദീപ് സുർജേവാലയോട് സംസാരിക്കാനാണ്. ഞാൻ അവരോട് പറഞ്ഞത്, ഞാൻ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ ഭാഗമായിരുന്നയാളാണ് രൺദീപിന്‍റെ പിതാവ്. എന്‍റെ കീഴിൽ പ്രവർത്തിച്ചയാളാണ്. അയാളുടെ മകനുമായി എനിക്കെങ്ങനെ പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാനാകും. നിങ്ങൾ എന്താണ് പറയുന്നത് രാഹുൽ ജീ'

പാർട്ടിക്ക് വേണ്ടി എത്ര സമയം നൽകാനാകുമെന്ന് അവരോട് ചോദിച്ചുനോക്കൂ. പാർട്ടിക്കായി അവർക്ക് സമയമുണ്ടാകില്ല. എന്നിട്ടാണ് എന്നെ ചോദ്യംചെയ്യുന്നത്. അവരുടെ പ്രായത്തിൽ ദിവസം 20 മണിക്കൂർ വരെ പാർട്ടിക്കായി പ്രവർത്തിച്ച‍യാളാണ് ഞാൻ -ഗുലാം നബി ആസാദ് പറഞ്ഞു. 

Tags:    
News Summary - Whoever Becomes Cong Chief Will Have to be Rahul Gandhi's Slave, Carry Files: Ghulam Nabi Azad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.