'കോവിഡ് നാടകം' രാഹുലിന്‍റെ യാത്ര അട്ടിമറക്കാൻ -ജയ്റാം രമേശ്

ഫരീദാബാദ്: ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള വാക്പോര് തുടരുന്നതിനിടെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. കേന്ദ്രസർക്കാറിന്‍റെ 'കോവിഡ് നാടകം' രാഹുൽ ഗാന്ധിയുടെ യാത്ര അട്ടിമറിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാർ കൊണ്ടുവരുന്ന കോവിഡ് മാനദണ്ഡങ്ങൾ കോൺഗ്രസ് പാലിക്കുമെന്നും ജയ്റാം രമേശ് വ്യക്തമാക്കി. ഹരിയാനയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭാരത് ജോഡോ യാത്ര അപകീർത്തിപ്പെടുത്തുന്നതിനും അട്ടിമറിക്കുന്നതിനും വേണ്ടിയാണ് കഴിഞ്ഞ രണ്ടു ദിവസമായി അരങ്ങേറുന്ന കോവിഡ് നാടകം ആസൂത്രണം ചെയ്തത്. ഇതുമാത്രമായിരുന്നു ലക്ഷ്യം' -ജയ്റാം രമോശ് പറഞ്ഞു. പ്രധാനമന്തി നരേന്ദ്രമോദിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പ്രധാനമന്ത്രി മാസ്ക് ധരിക്കുന്നത് ടി.വിയിൽ കാണിക്കാനാണെന്നു പറഞ്ഞ ജയ്റാം രമേശ്, മഹാമാരിയെ നേരിടാൻ ബാൽകണിയിൽ പോയി പാത്രം കൊട്ടാൻ പറഞ്ഞ മഹാനുണ്ടായിരുന്നെന്നും പരിഹസിച്ചു.

ഭാരത് ജോഡോ യാത്രയിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും അല്ലെങ്കിൽ ഭാരത് ജോഡോ യാത്ര തുടരാനാകില്ലെന്നും കാണിച്ച് രാഹുൽ ഗാന്ധിക്ക് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ കത്തെഴുതിയിരുന്നു. കത്തിനെതിരെ രാഹുൽ ഗാന്ധി തന്നെ രംഗത്തെത്തി. യാത്ര തടസ്സപ്പെടുത്താനുള്ള നീക്കമാണിതെന്ന് കോൺഗ്രസും ആരോപിച്ചിരുന്നു.

Tags:    
News Summary - "Whole Covid Drama Orchestrated To Derail Rahul Gandhi Yatra": Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.