ഭീമാ കൊറേഗാവ് കേസിൽ തെലുഗു കവി വരവര റാവുവിന് അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിച്ച് എന്തുകൊണ്ട് സ്ഥിര ജാമ്യം നൽകികൂടെന്ന് ദേശീയ അന്വേഷണ ഏജൻസിയോട് ബോംബെ ഹൈകോടതി. വരവര റാവുവിന്റെ ആരോഗ്യവും ജയിൽ ആശുപത്രികളിൽ മതിയായ സംവിധാനമില്ലാത്തതും ചൂണ്ടികാട്ടിയാണ് ജസ്റ്റിസുമാരായ സുനിൽ ശുക്രെ, ഗോവിന്ദ് സനപ് എന്നിവരുടെ ബെഞ്ചിന്റെ ചോദ്യം. സ്ഥിര ജാമ്യം ആവശ്യപ്പെട്ട് വരവരറാവു നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. 2021ൽ വരവര റാവുവിന് ആറുമാസത്തെ താൽക്കാലിക ജാമ്യം അനുവദിച്ച മറ്റൊരു ബെഞ്ചിന്റെ ഉത്തരവിലെ ജയിൽ ആശുപത്രികളുടെ അവസ്ഥയെക്കുറിച്ചുള്ള പരാമർശവും കോടതി ചൂണ്ടിക്കാട്ടി.
വരവര റാവുവിന് സ്ഥിര ജാമ്യം നൽകുന്നതിനെ എൻ. ഐ. എക്ക് വേണ്ടി ഹാജരായ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ സന്ദേശ് പാട്ടീൽ എതിർത്തു. 2021ൽ റാവുവിനെ താൽക്കാലിക ജാമ്യം അനുവദിച്ച കോടതി അന്നത്തെ കോവിഡ് സാഹചര്യത്തിലാണ് ജയിൽ ആശുപത്രികളെ കുറിച്ച് പരാമർശിച്ചതെന്നും റാവുവിന്റെ പ്രായം മാനിച്ചും മാനുഷിക പരിഗണന നൽകിയും അന്ന് എതിർക്കാതിരിക്കുകയായിരുന്നുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. 82 കഴിഞ്ഞ വരവരറാവിന്റെ പ്രായം മറക്കരുതെന്നു ഇതിനോട് പ്രതികരിച്ച കോടതി അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതികൊത്ത ചികിത്സാ സംവിധാനം ജയിലിലില്ലെന്ന് ആവർത്തിച്ചു.
2021 ഫെബ്രുവരിയിലാണ് ആറുമാസത്തേക്ക് വരവര റാവുവിന് ഹൈകോടതി താൽക്കാലിക ജാമ്യം നൽകിയത്. മുംബൈയിലെ വിചാരണക്കോടതിയുടെ പരിസരത്ത് താമസിക്കണമെന്നതടക്കം കടുത്ത നിബന്ധനകളോടെയായിരുന്നു ജാമ്യം. ജാമ്യ കാലാവധി കഴിഞ്ഞതോടെ തന്റെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി റാവു സ്ഥിര ജാമ്യത്തിന് അപേക്ഷിക്കുകയായിരുന്നു. ഹരജി സമയത്ത് പരിഗണിക്കാൻ കഴിയാത്തതിനാൽ ജാമ്യം പലകുറി നീട്ടി നൽകി.
സ്ഥിരം ജാമ്യവും ഹൈദരാബാദിൽ കുടുംബത്തോടൊപ്പം കഴിയാനുള്ള അനുമതിയുമാണ് റാവു തേടിയത്. മക്കളും മരുമക്കളും ഡോക്ടർമാരായതിനാൽ വേണ്ട പരിചരണം ലഭിക്കുമെന്നും യു. എ. പി. എ കേസിൽ പ്രതിയായതിനാൽ മുംബൈയിൽ വാടകക്ക് വീട് ലഭിക്കുന്നില്ലെന്നും റാവുവിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആനന്ദ് ഗ്രോവർ കോടതിയിൽ പറഞ്ഞു. നിലവിൽ ബാന്ദ്രയിലെ ക്രിസ്ത്യൻ മിഷനറി സംവിധാനത്തിൽ താൽക്കാലികമായാണ് റാവു കഴിയുന്നതെന്നും മാർച്ച് പതിനഞ്ചോടെ ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.