ന്യൂഡൽഹി: ദരിദ്രർ എന്നത് മാത്രമാണ് രാജ്യത്തെ ഏക ജാതിയെന്ന് പറയുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വയം ഒ.ബി.സി വിഭാഗക്കാരനെന്ന് വിശേഷിപ്പിക്കുന്നത് എന്തിനാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
ബി.ജെ.പിക്കാർ ആദിവാസി വിഭാഗക്കാരെ വനവാസി എന്നാണ് വിശേഷിപ്പിക്കുന്നത്. മുമ്പ് ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ശേഷം ആ മനുഷ്യനെ ബി.ജെ.പി നേതാവ് വിശേഷിപ്പിച്ചത് വനവാസി എന്നാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇത്തരം വാക്കുകൾ റദ്ദാക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
"ബി.ജെ.പി നേതാക്കൾ അവരുടെ പ്രസംഗങ്ങളിൽ എല്ലാം ആദിവാസികളെ വനവാസി എന്നാണ് വിശേഷിപ്പിക്കുന്നത്. നരേന്ദ്ര മോദിയും ആർ.എസ്.എസും ചേർന്നാണ് വനവാസി എന്ന പദം കൊണ്ടുവന്നത്. വനവാസി എന്നും ആദിവാസി എന്നുമുള്ള പ്രയോഗങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്. മധ്യപ്രദേശിൽ ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച ശേഷം ആ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇതാണ് ബി.ജെ.പിയുടെ മാനസികാവസ്ഥ. അവരുടെ വിചാരം നിങ്ങളുടെ സ്ഥാനം മൃഗങ്ങളെ പോലെ കാട്ടിലാണെന്നാണ്, മൃഗങ്ങളോടെന്ന പോലെയാണ് അവർ നിങ്ങളോട് പെരുമാറുന്നത്" - രാഹുൽ ഗാന്ധി പറഞ്ഞു.
"ഒരു ബി.ജെ.പി നേതാവ് മൃഗത്തിന്‍റെ ദേഹത്ത് മൂത്രമൊഴിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? പക്ഷേ അവർ ആദിവാസികളുടെ ദേഹത്ത് മൂത്രമൊഴിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്. ആദിവാസി എന്നാൽ രാജ്യത്തിന്‍റെ ശരിയായ അവകാശികൾ എന്നാണ് അർത്ഥം. ബി.ജെ.പി ഈ പദം ഉപയോഗിക്കില്ല. കാരണം അങ്ങനെ ചെയ്താൽ അവർക്ക് നിങ്ങളുടെ ഭൂമി തിരികെ നൽകേണ്ടി വരും. വെള്ളവും കാടും തിരികെ നൽകേണ്ടി വരും. നേരത്തെ പ്രധാനമന്ത്രി തന്‍റെ പ്രസംഗങ്ങളില്ലാം വനവാസി എന്ന പ്രയോഗമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് അദ്ദേഹം ആ പ്രയോഗം ഉപയോഗിക്കുന്നില്ല. ആ പദപ്രയോഗം മാറ്റാനായെങ്കിലും ചിന്തയും കാഴ്ചപ്പാടും മാറ്റാൻ മോദിക്ക് സാധിക്കില്ല. ഇപ്പോഴും മോദിയുടെ ചിന്ത ആദിവാസികളെ അപകീർത്തിപ്പെടുത്തുക എന്ന് തന്നെയാണ്.
മോദി അദ്ദേഹത്തിന്‍റെ പ്രസംഗത്തിൽ പറയാറുണ്ട് രാജ്യത്തെ ഏക ജാതി ദരിദ്രർ ആണെന്നാണ്. അങ്ങനെ രാജ്യത്ത് ഒരേയൊരു ജാതി മാത്രമാണുള്ളതെങ്കിൽ എന്തുകൊണ്ടാണ് മോദി അദ്ദേഹത്തെ സ്വയം ഒ.ബി.സി എന്ന് വിശേഷിപ്പിക്കുന്നത്? മോദി എന്താണ് ഈ രാജ്യത്തിന് വേണ്ടി ചെയ്യുന്നത്? അദാനിക്ക് കൈ കൊടുക്കുന്നതാണോ? അദാനി നിങ്ങളുടെ ഭൂമി തട്ടിയെടുക്കുകയാണ്. നിങ്ങൾ അത് തടയുമ്പോഴാകാട്ടെ ബി.ജെ.പി നിങ്ങൾക്ക് നേരെ വെടിയുതിർക്കുന്നു. അദാനി നിങ്ങളുടെ ഭൂമിയും ഖനികളും കൈക്കലാക്കുകയാണ്. അതിന്‍റെ പണം നിങ്ങൾക്ക് ലഭിക്കുന്നുണ്ടോ? ആ പണമെല്ലാം പോകുന്നത് അമേരിക്കയിലേക്കാണ്, വിദേശത്തേക്കാണ്. ആ പണം തെരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണ്" - രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
90 അംഗ ഛത്തീസ്ഗഡ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായായിരിക്കും നടക്കുക. ജഗദൽപൂരിൽ ആദ്യഘട്ടത്തിലായിരിക്കും വോട്ട്ടുപ്പ് നടക്കുക. ഗോത്രവർഗക്കാർക്ക് ആധിപത്യമുള്ള മണ്ഡലമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.