ന്യൂഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക് വരുന്നതുവരെ ഗവർണർ കാത്തിരിക്കുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി തമിഴ്നാട് ഗവർണർ ആർ.എൻ. രവി എന്തെടുക്കുകയായിരുന്നുവെന്നും കോടതി ചോദിച്ചു. ഗവർണറുടെ അധികാരം വ്യക്തമാക്കുന്ന ഭരണഘടനയുടെ 200ാം അനുച്ഛേദം രണ്ട് വ്യവസ്ഥകളാൽ നിർണായകമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഗവർണറുടെ തീരുമാനം ‘കഴിയുന്നത്ര വേഗം’ ആയിരിക്കണം എന്ന വ്യവസ്ഥയാണ് അതിലൊന്ന്. ബിൽ തിരിച്ചയക്കുകയാണെങ്കിൽ അതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന സന്ദേശം സർക്കാറിന് നൽകണമെന്നതാണ് രണ്ടാമത്തേത്. ഗവർണർ സർക്കാറിന് തിരിച്ചയച്ചപ്പോൾ നടത്തിയ ആശയവിനിമയം എവിടെയെന്ന് എ.ജിയോട് (അറ്റോണി ജനറൽ) ചീഫ് ജസ്റ്റിസ് ചോദിച്ചു. 2020 ജനുവരി മുതൽ ഗവർണർ നടപടിയെടുക്കാതെ വെച്ചിരിക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തത് സുപ്രീംകോടതി നവംബർ 10ന് ഉത്തരവ് പുറപ്പെടുവിച്ചശേഷമാണ്. അതിനർഥം സുപ്രീംകോടതി നോട്ടീസ് അയച്ചശേഷം മാത്രമാണ് ഗവർണർ നടപടി എടുത്തത് എന്നാണ്. എന്തിനാണ് കക്ഷികൾ സുപ്രീംകോടതിയിലേക്ക് വരുന്നതുവരെ ഗവർണർ കാത്തിരിക്കുന്നത്? മൂന്നു വർഷമായി തമിഴ്നാട് ഗവർണർ സി.എൻ. രവി എന്തെടുക്കുകയാണ്? -ചീഫ് ജസ്റ്റിസ് ചോദിച്ചു.
അദ്ദേഹം 2021 നവംബറിലാണ് ചുമതലയേറ്റതെന്ന എ.ജിയുടെ വാദം കോടതി അംഗീകരിച്ചില്ല. ഗവർണർ എന്ന് പറഞ്ഞാൽ വ്യക്തിയല്ല, ഓഫിസ് ആണെന്നും ഗവർണർമാർ കേന്ദ്രസർക്കാറിന്റെ നോമിനികളാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 181 ബില്ലുകളിൽ 152 എണ്ണത്തിന് അംഗീകാരം നൽകിയെന്നാണ് ഗവർണർ പറയുന്നത്. അഞ്ചെണ്ണം സർക്കാർ പിൻവലിച്ചു. ഒമ്പതെണ്ണം രാഷ്ട്രപതിക്ക് അയച്ചു.
ഗവർണർ പിടിച്ചുവെച്ച് തിരിച്ചയച്ച അതേ ബില്ലുകൾ നിയമസഭ വീണ്ടും പാസാക്കിയ സാഹചര്യത്തിൽ തമിഴ്നാട് ഗവർണർ ഇനി എന്തുചെയ്യുമെന്ന് സുപ്രീംകോടതി ചോദിച്ചു. ഇക്കാര്യത്തിൽ എത്രദിവസം വേണം തീരുമാനമെടുക്കാനെന്ന് ചീഫ് ജസ്റ്റിസ് എ.ജിയോട് ചോദിച്ചു. സർക്കാർ വീണ്ടും അയച്ച ബില്ലുകളിൽ ഗവർണർ നടപടി എടുക്കുമെന്ന് ഉറപ്പുനൽകിയ എ.ജി അതിനുള്ള സാവകാശം നൽകണമെന്ന് അപേക്ഷിച്ചു. തമിഴ്നാട് ഗവർണർക്കെതിരായ ഹരജി സുപ്രീംകോടതി ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.
ന്യൂഡൽഹി: ഭരണഘടനപ്രകാരം നിയമസഭയുടെ ഭാഗമാണ് തങ്ങളെന്ന് ഗവർണർമാർ മനസ്സിലാക്കുന്നില്ലെന്ന് കേരള സർക്കാർ തിങ്കളാഴ്ച സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. നിയമസഭ പാസാക്കിയ എട്ടു ബില്ലുകളിൽ മേലൊപ്പ് ചാർത്താതെ പിടിച്ചുവെച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജിയിൽ കേന്ദ്ര സർക്കാറിനും ഗവർണറുടെ ഓഫിസിലെ അഡീഷനൽ ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയച്ച സുപ്രീംകോടതി കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ഗവർണർമാർ ബില്ലുകൾ പിടിച്ചുവെക്കുന്നത് രാജ്യത്ത് പതിവായി മാറിയിരിക്കുകയാണെന്ന് കേരള സർക്കാറിനു വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ കുറ്റപ്പെടുത്തി. നിയമസഭ കഴിഞ്ഞ രണ്ടു വർഷമായി പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവർണറിരിക്കുകയാണ്. ഭരണഘടനയുടെ 162-ാം അനുഛേദപ്രകാരം ഗവർണർ നിയമ നിർമാണസഭയുടെ ഭാഗമാണ്.
എന്നിട്ടും നിയമസഭ പാസാക്കിയിട്ട് ഏഴ് മുതൽ 23 മാസം വരെ ആയ എട്ടു ബില്ലുകളിൽ അദ്ദേഹം ഇനിയുമൊപ്പിട്ടില്ല. വിജ്ഞാപനം ചെയ്ത മൂന്ന് ഓർഡിനൻസുകൾ പിന്നീട് ബില്ലുകളായി നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയതും ഒപ്പിടാൻ അദ്ദേഹം തയാറായില്ല. പഞ്ചാബിന്റെ കാര്യത്തിൽ എ.ജിയോടും എസ്.ജിയോടും സഹായിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ട പോലെ കേരളത്തിന്റെ കാര്യത്തിലും അവരിലാരുടെയെങ്കിലും സാന്നിധ്യം തേടണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാറും ഗവർണറുടെ ഓഫിസിലെ അഡീഷനൽ ചീഫ് സെക്രട്ടറിയും സുപ്രീംകോടതിയുടെ നോട്ടീസിന് മറുപടി നൽകണം.
സർക്കാർ ബില്ലുകൾ അയച്ചാൽ ഗവർണർക്ക് മുന്നിൽ മൂന്ന് വഴികളാണുള്ളതെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചു. ഒന്നുകിൽ ബില്ലിന് അംഗീകാരം നൽകുക, അല്ലെങ്കിൽ പിടിച്ചുവെക്കുക, അതല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കുക. ഇതിൽ ബിൽ പിടിച്ചുവെക്കാനുള്ള അധികാരം ഗവർണർക്ക് എത്രത്തോളം ഉപയോഗിക്കാമെന്നതാണ് കേരളത്തിനോടും തമിഴ്നാടിനോടുമുള്ള ചോദ്യമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
എത്രയും പെട്ടെന്ന് തിരിച്ചയക്കുകയാണ് വേണ്ടതെന്നും നിയമസഭ വീണ്ടും അത് പാസാക്കാതിരിക്കാൻ ഗവർണർ തിരിച്ചയക്കാതെ കൈവശം വെക്കുന്നത് ഭരണഘടനയെ പരിഹസിക്കലാണെന്നും തമിഴ്നാടിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി ഇതിന് മറുപടി നൽകി. ബില്ലിലെ പോരായ്മകൾ ഭേദഗതികളിലൂടെ തിരുത്താനുള്ള ഘട്ടത്തിലാണ് അവ തിരിച്ചയക്കുന്നതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി തിരുത്താനേ പറ്റാത്ത തകരാറുള്ള ബില്ലുകളാണെങ്കിൽ എന്തുചെയ്യുമെന്ന് ചോദിച്ചു.
പുതുക്കോൈട്ട: ഗുഡ്ക കുംഭകോണ കേസിൽ തമിഴ്നാട് മുൻ മന്ത്രിമാരും എ.ഐ.എ.ഡി.എം.കെ നേതാക്കളുമായ ഡോ. സി. വിജയഭാസ്കറിനെയും ബി.വി. രമണയേയും പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. ഗവർണർ ആർ.എൻ. രവിയുടെ അനുമതിയോടെ ഇരുവർക്കുമെതിരെ സി.ബി.ഐക്ക് ഇനി കുറ്റപത്രം സമർപ്പിക്കാം. അന്നത്തെ ആരോഗ്യമന്ത്രി വിജയഭാസ്കറിനെതിരെയും വാണിജ്യനികുതി മന്ത്രി രമണക്കെതിരെയും ഡി.എം.കെ വൻ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.