ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ജയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. മുസ്‍ലിംകൾ നുഴഞ്ഞുകയറ്റക്കാരാണെന്ന മോദിയുടെ പ്രസ്താവനയോടാണ് ഉവൈസിയുടെ പ്രതികരണം. 133 കോടി ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയായ മോദി 17 കോടി ജനങ്ങളെ നുഴഞ്ഞുക്കയറ്റക്കാരെന്ന് വിളിക്കുകയാണെന്ന് ഉവൈസി കുറ്റപ്പെടുത്തി.
എന്തിനാണ് മുസ്‍ലിം സമുദായത്തെ മോദി അപമാനിക്കുന്നത് ?. എന്തിനാണ് മുസ്‍ലിം സമുദായത്തോട് ഇത്രയും വെറുപ്പെന്നും ഉവൈസി ചോദിച്ചു. നിങ്ങൾക്ക് വോട്ട് ചെയ്തില്ലെങ്കിൽ മുസ്‍ലിംകൾ ഇന്ത്യയുടെ ഭാഗമല്ലാതെ ആവുമോ. മുസ്‍ലിംകളെ നുഴഞ്ഞുകയറ്റക്കാരെന്ന് വിളിക്കാൻ പ്രധാനമന്ത്രി മോദിക്ക് എന്ത് അധികാരമാണ് ഉള്ളത്. മുസ്‍ലിം സ്ത്രീകളെ കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവരെന്ന് പറഞ്ഞ് അപമാനിക്കാൻ മോദിക്ക് അധികാരമുണ്ടോയെന്നും ഉവൈസി ചോദിച്ചു. തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഉവൈസിയുടെ പ്രതികരണം.
ഏറ്റവും കൂടുതൽ നുണ പറയുന്നയാളാണ് നരേന്ദ്ര മോദി. മുസ്‍ലിം സ്ത്രീകൾക്കിടയിൽ പ്രത്യുൽപാദനം കുറഞ്ഞ് വരികയാണെന്ന് കണക്കുകൾ പറയുന്നു. ഇത് ഒന്നും പരിഗണിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം. എത്രത്തോളം വിദ്വേഷമാണ് തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി നിങ്ങൾ പറയുന്നത്. എന്തിനാണ് ഇത്രയും ഭയപ്പെടുന്നതെന്നും ഉവൈസി ചോദിച്ചു.
നേരത്തെ രാജസ്ഥാനിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി വിദ്വേഷ പരാമർശം നടത്തിയിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആളുകളുടെ ഭൂമി മുസ്‍ലിംകൾക്ക് നൽകുമെന്നായിരുന്നു മോദിയുടെ പരാമർശം. മുസ്‍ലിംകൾ നുഴഞ്ഞുകയറ്റക്കാരാണെന്ന പ്രസ്താവനയും മോദി നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.