പാറ്റ്ന: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് ബിഹാറിൽ പ്രതീക്ഷിച്ച വിജയം നേടാൻ സാധിച്ചിരുന്നില്ല. ആർ.ജെ.ഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന്‍റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. പ്രചാരണത്തിന്‍റെ ഭാഗമായി 200ലധികം റാലികളാണ് ആർ.ജെ.ഡി സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ രണ്ട് റാലികളിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. ബിഹാറിൽ നിന്ന് കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് ഇൻഡ്യ മുന്നണി കരുതിയിരുന്നത്. എന്നാൽ, ആകെയുള്ള 40 ലോക്സഭ സീറ്റിൽ ഒമ്പതെണ്ണം മാത്രമാണ് ഇൻഡ്യ മുന്നണിക്ക് ലഭിച്ചത്. സീറ്റുകൾ കുറഞ്ഞത് മുന്നണിക്ക് വലിയ തിരിച്ചടിയായി.
ഉത്തർപ്രദേശിൽ അഖിലേഷ് യാദവ് കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത് പോലെ തേജസ്വി യാദവിന് കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇൻഡ്യ മുന്നണിയുടെ പ്രധാന സംഘാടകനായിരുന്ന നിതീഷ് കുമാർ മറുകണ്ടം ചാടിയത് മുന്നണിയുടെ ഭാവിക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അതിൽ നിന്ന് കരകയറാൻ സമയം ലഭിക്കാത്തതാണ് ബിഹാറിലെ പരാജയത്തിന് ഒരു പ്രധാന കാരണമെന്നാണ് കണ്ടെത്തൽ.
സീറ്റ് വിഭജനം പൂർത്തിയാകുന്നതിന് മുമ്പ് ചില സ്ഥാനാർഥികൾക്ക് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് ചിഹ്നം നൽകിയതും സ്ഥാനാർഥികളെ വൈകി പ്രഖ്യാപിച്ചതും മുന്നണിക്ക് തിരിച്ചടിയായി. ബി.ജെ.പി വിട്ട് വന്നവർക്ക് കോൺഗ്രസ് സീറ്റ് നൽകിയതും മുന്നണിയുടെ വിജയത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് വിലയിരുത്തൽ.
ബിഹാറിൽ ആർ.ജെ.ഡി നാലും കോൺഗ്രസ് മൂന്നും സി.പി.ഐ (എം.എൽ) എൽ രണ്ടും സീറ്റുകളാണ് ഇൻഡ്യ മുന്നണിക്ക് ലഭിച്ചത്. ജെ.ഡി.യുവും ബി.ജെ.പിയും 12 വീതവും ചിരാഗ് പാസ്വാന്‍റെ എൽ.ജെ.പി.ആർ.വി അഞ്ച് സീറ്റുകളും നേടി. മറ്റുള്ളവർ ഒരു സീറ്റിലും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.