ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ 40 സീറ്റുകൾ മുസ്​ലിംകൾക്ക്; പുതിയ നീക്കവുമായി പ്രശാന്ത് കിഷോർ

പാറ്റ്ന: വരുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്​ലിം സ്ഥാനാർഥികൾക്കായി 40 സീറ്റുകൾ നീക്കിവെക്കുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞനും ജൻ സൂരജ് അധ്യക്ഷനുമായ പ്രശാന്ത് കിഷോർ. സംസ്ഥാന ജനസംഖ്യയിൽ 19 ശതമാനമുള്ള മുസ്​ലിം വിഭാഗത്തിന് ബിഹാർ നിയമസഭയിലെ പ്രാതിനിധ്യം 19 എം.എൽ.എമാർ മാത്രമാണ്. എന്നാൽ, ജൻ സൂരജ് പാർട്ടി മുസ്​ലിംകൾക്ക് 40 സീറ്റുകൾ നീക്കിവെക്കുമെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.

മുസ്​ലിം വോട്ട് വാങ്ങുന്ന ജെ.ഡി.യുവും ആർ.ജെ.ഡിയും കോൺഗ്രസും മതിയായ പ്രാതിനിധ്യമോ വികസനമോ അവർക്ക് നൽകുന്നില്ല. ജനസംഖ്യാനുപാതികമായി എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കും. തെരഞ്ഞെടുപ്പിൽ ടിക്കറ്റ് വിതരണത്തിൽ മാത്രമല്ല സർക്കാറിലും മതിയായ മുസ്​ലിം പ്രാതിനിധ്യം ഉറപ്പാക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

ജൻ സൂരജിന് നേതൃത്വം നൽകുന്ന 25 പേരിൽ അഞ്ചോളം പേർ മുസ്​ലിംകളാണെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി.

ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രശാന്ത് കിഷോർ നേരത്തെ രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാറിന്റെ താക്കോൽ തന്റെ കൈയ്യിലുണ്ടായിട്ടും നിതീഷ് മോദിയുടെ കാൽക്കൽ വണങ്ങി ബിഹാറിന്റെ മാനം വിറ്റുവെന്നും നാടിന് അപമാനം വരുത്തിവെച്ചെന്നുമാണ് പ്രശാന്ത് കിഷോർ വിമർശിച്ചത്.

തന്റെ രാഷ്ട്രീയ നിലനിൽപ്പിനായി ബിഹാറിലെ ജനങ്ങളുടെ അന്തസ്സിൽ വിട്ടുവീഴ്ച ചെയ്യുകയാണ്. നിതീഷ് കുമാർ ആഗ്രഹിക്കുന്നില്ലെങ്കിൽ രാജ്യത്ത് സർക്കാർ രൂപീകരിക്കില്ല. അദ്ദേഹത്തിന് അത്രയധികം ശക്തിയുണ്ട്. ഈ അധികാരത്തിന് പകരം മോദിയോട് നിതീഷ് എന്താണ് ചോദിച്ചത്?’

ബിഹാറിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടില്ല. സംസ്ഥാനത്തെ ജില്ലകളിലെ പഞ്ചസാര ഫാക്ടറികൾ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. ദീർഘകാല ആവശ്യമായ ബിഹാറിന് പ്രത്യേക പദവി പോലും നിതീഷ് ആവശ്യപ്പെട്ടിട്ടില്ലെന്നും കിഷോർ കുറ്റപ്പെടുത്തി.

Tags:    
News Summary - Will allocate 40 seats to Muslim candidates in Bihar: Prashant Kishor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.