മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ആം ആദ്മി പാർട്ടി(എ.എ.പി). സ്വന്തം സ്ഥാനാർഥികളെ കളത്തിലിറക്കുന്നതിന് പകരം മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിെൻർ (എം.വി.എ) സ്ഥാനാർഥികളെ പിന്തുണക്കാനാണ് എ.എ.പിയുടെ തീരുമാനമെന്ന് പാർട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ് എക്സിൽ കുറിച്ചു.
''മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ എ.എ.പി ദേശീയ കൺവീനർ എം.വി.എ സ്ഥാനാർഥികൾക്കായി പ്രചാരണത്തിനിറങ്ങും. മഹാരാഷ്ട്രയിൽ എ.എ.പി മത്സരിക്കുന്നില്ല'-സഞ്ജയ് സിങ് എക്സിൽ കുറിച്ചു.
കോൺഗ്രസ്, എൻ.സി.പി(ശരദ് പവാർ പക്ഷം), ശിവസേന(ഉദ്ധവ് വിഭാഗം) പാർട്ടികളാണ് മഹാ വികാസ് അഘാഡി സഖ്യത്തിലുള്ളത്. ഓരോ പാർട്ടികളും 85 സീറ്റുകളിൽ മത്സരിക്കാനാണ് തീരുമാനമായത്. മഹാരാഷ്ട്രയിൽ പ്രചാരണത്തിന് എത്തണമെന്നഭ്യർഥിച്ച് ശിവസേനയും എൻ.സി.പിയും കെജ്രിവാളുമായി ബന്ധപ്പെട്ടിരുന്നു. ഝാർഖണ്ഡിൽ ഹേമന്ത് സോറന്റെ ഝാർഖണ്ഡ് മുക്തി മോർച്ചക്ക് വേണ്ടിയും കെജ്രിവാൾ പ്രചാരണത്തിനിറങ്ങും.
ബി.ജെ.പിയും ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയും അജിത് പവാറിന്റെ എൻ.സി.പിയുമടങ്ങുന്ന മഹായുതി സഖ്യത്തിനെതിരെയാണ് എം.വി.എയുടെ പടനീക്കം. മഹാരാഷ്ട്രയിലെ 288 നിയമസഭ മണ്ഡലങ്ങളിലേക്ക് നവംബർ 20നാണ് തെരഞ്ഞെടുപ്പ്. ഝാർഖണ്ഡിൽ നവംബർ 13നും. ഇരുസംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നവംബർ 23നാണ്.
എ.എ.പിയും മഹാവികാസ് അഘാഡി സഖ്യവും ഇൻഡ്യ സഖ്യത്തിലെ അംഗങ്ങളാണ്. ഡൽഹി ലോക്സഭ തെരഞ്ഞെടുപ്പിലും ഹരിയാനയിലും എ.എ.പിക്ക് ഒറ്റ സീറ്റ് പോലും ലഭിച്ചിരുന്നില്ല. പഞ്ചാബിലും എ.എ.പി ഒറ്റക്കാണ് മത്സരിച്ചത്. സീറ്റ് വിഭജന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഹരിയാനയിൽ എ.എ.പി ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചത്. അതേസമയം, ജമ്മുകശ്മീരിൽ ഇത്തവണ എ.എ.പി അക്കൗണ്ട് തുറക്കുകയും ചെയ്തു. ദോഡാ സീറ്റിലാണ് പാർട്ടി സ്ഥാനാർഥിയായ മെഹ്റാജ് മാലിക് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.