ഇന്ധനവില തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും യുക്രെയ്ൻ യുദ്ധം ഇന്ധനവിലയെ ബാധിക്കുമെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി. എന്നാൽ ഇന്ധനലഭ്യത സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില സർക്കാർ പിടിച്ചു നിർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചു സംസ്ഥാനങ്ങളിലെ സംസ്ഥാന തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വില വർധനവിനൊരുങ്ങിയിരിക്കുകയാണ് പെട്രോളിയം കമ്പനികൾ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ പിന്നിട്ട സാഹചര്യത്തിലാണ് ഇന്ധന വില വർധിപ്പിക്കുന്നത്. യുക്രെയ്ൻ-റഷ്യ യുദ്ധം രൂക്ഷമായതാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കൂടാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് ഉണ്ടായ വർധനവ് ഇന്ത്യയിലെ പെട്രോളിയം ഉൽപന്നങ്ങളുടെ വിലയിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.
മാർച്ച് 16നകം 12 രൂപ പെട്രോളിയം ഉൽപന്നങ്ങൾക്ക് വർധിപ്പിക്കണമെന്ന പമ്പ് ഉടമകളുടെ ആവശ്യവും സർക്കാരിന് മുന്നിലുണ്ട്. 15 മുതൽ 22 രൂപ വരെയാണ് ഒരു ലിറ്റർ പെട്രോളിനും ഡീസലിനും പ്രതീക്ഷിക്കുന്ന വില വർധന. പാചക വാതക സബ്സിഡി പുനഃസ്ഥാപിക്കണമെന്നുള്ള ആവശ്യവും ഇതോടെ സർക്കാർ തള്ളിയേക്കും. രൂപയുടെ മൂല്യത്തകർച്ചയും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യുക്രെയ്ൻ-റഷ്യ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ പണപ്പെരുപ്പവും അവശ്യ വസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമാകും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ കുറച്ചുനാളായി ഇന്ത്യയിൽ ഇന്ധനത്തിന് വില വർധിച്ചിരുന്നില്ല. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ പെട്രോളിയം ഉൽപന്നങ്ങൾ വൻ വിലക്കയറ്റം ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കം പരിഹസിച്ചിരുന്നു. അത് യാഥാർഥ്യം ആകുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.