ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ആദ്യമായി റിപ്പോർട്ട് െചയ്ത കൊറോണ ൈവറസിന്‍റെ പുതിയ വകഭേദത്തിന്‍റെ ആശങ്കയിലാണ് ലോകം. ഒമൈക്രോണെന്ന് പേരിട്ട പുതിയ വകഭേദം എത്രത്തോളം അപകടകാരിയാണെന്ന കാര്യം വ്യക്തമല്ല. എന്നാൽ, 'ആശങ്കയുണ്ടാക്കുന്ന വകഭേദം' എന്നാണ് ലോകാരോഗ്യ സംഘടന ഇതിനെ വിളിച്ചത്. വകഭേദത്തിന്‍റെ വ്യാപന സാധ്യതയെക്കുറിച്ച് ശാസ്ത്രജ്ഞർ പഠിക്കുന്നതിന് മുമ്പുതന്നെ മിക്ക രാജ്യങ്ങളും യാത്രാനിയന്ത്രണങ്ങളിലേക്കും വിമാനം റദ്ദാക്കൽ പ്രക്രിയകളിലേക്കും പോയി. മുൻ വകഭേദങ്ങൾ സൃഷ്ടിച്ച ആഘാതമായിരിക്കും ഇതിന്‍റെ പ്രധാന കാരണവും.
തിങ്കളാഴ്ച മുതൽ ദക്ഷിണാഫ്രിക്കയിൽനിന്നും മറ്റ് ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുമുള്ള യു.എസ് ഇതര പൗരന്മാരുടെ യാത്ര നിയന്ത്രിക്കുമെന്ന് യു.എസ് വെള്ളിയാഴ്ച അറിയിച്ചു. യു.കെ, സിംഗപ്പൂർ, ഇസ്രായേൽ, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, മറ്റ് നാല് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിമാനം വിലക്കി. എന്നാൽ, തിരക്കിട്ട് വിമാനങ്ങൾ വിലക്കുന്ന തീരുമാനത്തിനെതിരെ ദക്ഷിണാഫ്രിക്ക പ്രതിഷേധവുമായി രംഗത്തെത്തി. വിമാന നിരോധനവും യാത്രാ നിയന്ത്രണങ്ങളും പുതിയ വകഭേദത്തിന്‍റെ വ്യാപനം തടയാൻ സഹായകമാകുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. െപാതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ശക്തമായ നിയന്ത്രണങ്ങൾ സമയം നീട്ടിനൽകുമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ, വ്യാപനം തടയുന്നതിനും സുരക്ഷിതത്വ ബോധം നൽകുന്നതിനും ആവശ്യമായവയൊന്നും ചെയ്യുന്നില്ലെന്നും അഭിപ്രായം ഉയരുന്നു.
വാക്സിനേഷൻ വേഗത്തിലാക്കാനും മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ നിർബന്ധമാക്കാനും മറ്റു പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കാനും രാജ്യങ്ങൾക്ക് സമയം ലഭിക്കും. എന്നാൽ പുതിയ വകഭേദത്തിന്‍റെ കടന്നുവരവ് ഒഴിവാക്കാൻ രാജ്യങ്ങൾക്ക് കഴിയില്ലെന്ന് എഡിൻബർഗ് സർവകലാശാലയിലെ പ്രഫസർ മാർക്ക് വൂൾഹൗസ് പറയുന്നു.
'യാത്രാനിയന്ത്രണങ്ങൾ വൈറസ് വ്യാപനത്തിൽ കാലതാമസം വരുത്താം, പക്ഷേ വകഭേദത്തിന്‍റെ വ്യാപനം ഒഴിവാക്കാൻ സഹായിക്കില്ല' -അദ്ദേഹം പറഞ്ഞു.
യാത്രാനിരോധനം ജനങ്ങൾക്ക് തെറ്റായ സുരക്ഷിതത്വബോധം മാത്രമാണ് നൽകുന്നതെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ സ്പെഷലിസ്റ്റായ ഡോ. അമേഷ് അഡാൽജ പറയുന്നു. രാഷ്ട്രീയക്കാരും ഭരണകൂടവും വൈറസ് വ്യാപനം കുറക്കാനായി തങ്ങൾ ഇതെല്ലാം ചെയ്തുവെന്ന് കാണിക്കാൻ സാധിക്കും. അല്ലാതെ മറ്റൊന്നും സംഭവിക്കില്ല. വൈറസ് വ്യാപനം മുന്നിൽകണ്ട് വ്യാപക പരിശോധനയും വാക്സിനേഷനും നടത്തുന്നതിൽ പ്രയോജനമില്ലെന്നും അദ്ദേഹം പറഞ്ഞു.
യാത്രാനിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ ലോകം വീണ്ടും നിശ്ചലമാകും. ആരോഗ്യ പ്രതിസന്ധിക്കൊപ്പം സാമ്പത്തിക പ്രതിസന്ധിയും പുതിയ വകഭേദം നൽകും. കരകറയുന്ന സമ്പദ് വ്യവസ്ഥകൾ വീണ്ടും താഴേക്ക് പോകുമെന്നും നിരീക്ഷകർ പറയുന്നു.
യാത്രാനിയന്ത്രണങ്ങൾ രാഷ്ട്രീയ താൽപര്യം മാത്രമാണെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ജനറ്റിക് സീക്വൻസിങ് സ്പെഷലിസ്റ്റായ ഷാരോൺ പീക്കോക്കിന്‍റെ അഭിപ്രായം. യാത്രാനിയന്ത്രണങ്ങൾ ശാസ്ത്രീയമല്ല. പുതിയ വകഭേദത്തിനെക്കുറിച്ച് യാതൊന്നും വ്യക്തമല്ല. അവ മറ്റു വകഭേദങ്ങളെക്കാൾ കൂടുതൽ അപകടകാരിയാണെന്നോ അല്ലെന്നോ ഇപ്പോൾ പറയാനാകില്ല. ഇതിന്‍റെ വ്യാപന ശേഷിയെക്കുറിച്ചും വ്യക്തമായ ധാരണയില്ല. പുതിയ വകഭേദത്തെ ജാഗ്രതയോടെ നേരിടുകയെന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ. കടുത്ത നിയന്ത്രണങ്ങൾ രാജ്യത്തെയും ജനങ്ങളെയും പ്രതിസന്ധിയിലാക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.