ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരാഴ്ചത്തെ കസ്റ്റഡിയിൽ വാങ്ങുമ്പോൾ ആം ആദ്മി പാർട്ടിയും പ്രതിപക്ഷ പാർട്ടികളുടെ ഇൻഡ്യ മുന്നണിയും പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പിയും ഒരുപോലെ ഏറ്റെടുക്കുന്നത് കടുത്ത വെല്ലുവിളി.
സ്ഥാപക നായകൻ പ്രചാരണത്തിന് ഇല്ലാതെ വരുന്നത് ആം ആദ്മി പാർട്ടിയിൽ അനാഥത്വവും അനിശ്ചിതത്വവും തളർച്ചയും ഉണ്ടാക്കും. പൂർണ സംസ്ഥാന പദവിയില്ലാത്ത ഡൽഹിയിൽ ഭരണം സ്തംഭനത്തിലാവുകയും കൈവിട്ടു പോവുകയും ചെയ്തെന്നുവരാം. കെജ്രിവാളിന്റെ അസാന്നിധ്യത്തിൽ പാർട്ടിയും ഭരണവും കൊണ്ടുനടക്കാനും തന്ത്രം മെനയാനും അറസ്റ്റിനെതിരായ ജനവികാരം ആവാഹിക്കാനും പറ്റിയ നേതാക്കളില്ലാത്തത് ഡൽഹിയിൽ തെളിഞ്ഞുകണ്ടു. നിർണായകമായ തെരഞ്ഞെടുപ്പു സമയത്തെ നേതൃശൂന്യതയിൽ ആപിന്റെ നിലനിൽപു തന്നെയാണ് വെല്ലുവിളി നേരിടുന്നത്.
70 നിയമസഭ സീറ്റുകളിൽ 62ഉം തൂത്തുവാരി ഡൽഹി ഭരിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ജനസമ്മതിയെക്കുറിച്ച് ബോധ്യമില്ലാതെയല്ല, ആപൽക്കരമായ നീക്കം മോദിസർക്കാർ നടത്തിയതെന്ന് വ്യക്തം. ആപിനെയും കെജ്രിവാളിനെയും ഒതുക്കി മുന്നോട്ടു പോകണമെന്ന ദൃഢനിശ്ചയം മാസങ്ങൾ നീണ്ട മുന്നൊരുക്കത്തിലും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന് നിരക്കാത്ത അറസ്റ്റിലും പ്രതിഫലിക്കുന്നു. തെരഞ്ഞെടുപ്പ് ബോണ്ടിൽ കൈപൊള്ളി നിൽക്കുന്ന ബി.ജെ.പിയുടെ ദുരവസ്ഥ അറസ്റ്റിലൂടെ മറയ്ക്കാൻ ശ്രമിക്കുകയുംചെയ്തു. അതേസമയം, കെജ്രിവാളിനെ ഒതുക്കുന്നതിലൂടെ ഡൽഹിയിലെ ഏഴിൽ ഏഴു സീറ്റും നേടുക മാത്രമല്ല, പ്രതിപക്ഷ നിരയിൽ അങ്കലാപ്പ് വർധിപ്പിക്കുക കൂടിയാണ് ലക്ഷ്യം.
കെജ്രിവാളിന്റെ ജനസമ്മതിയെത്തന്നെ മോദിസർക്കാർ പ്രഹരിക്കുന്നത് ബി.ജെ.പിക്ക് ബൂമറാങ്ങായി മാറിയേക്കാമെന്ന കണക്കുകൂട്ടൽ പ്രതിപക്ഷത്തുണ്ട്. അതേസമയം, പ്രതിപക്ഷ പാർട്ടികൾ വെവ്വേറെ കടുത്ത പ്രതിഷേധം ഉയർത്തിയെങ്കിലും, കൂട്ടായ ശ്രമങ്ങളിലേക്ക് കടന്നിട്ടില്ല.
തെരഞ്ഞെടുപ്പ് ബോണ്ട് വഴിയുള്ള ധനസമ്പാദനം, 10 വർഷത്തെ ഭരണത്തോടുള്ള ജനവികാരം, സ്ഥാനാർഥി നിർണയത്തിലെ അമർഷം തുടങ്ങിയവ തിരിച്ചടിച്ചേക്കാമെന്ന് ഭയപ്പെടുന്ന ബി.ജെ.പി, പ്രതിപക്ഷ പാർട്ടികളിൽ ഭയപ്പാടും അങ്കലാപ്പും സൃഷ്ടിച്ച് അതു മറികടക്കാൻ ശ്രമിക്കുന്നതുകൂടിയാണ് കെജ്രിവാളിന്റെ അറസ്റ്റിലും തെളിയുന്നത്. മറുവശത്ത്, കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധവും ഒതുക്കാൻ കഴിഞ്ഞാൽ പ്രതിപക്ഷത്തെ ഓരോരുത്തരെയും ആവശ്യാനുസരണം മോദിസർക്കാർ തട്ടിക്കളിക്കുമെന്ന വെല്ലുവിളി കൂടിയാണ് പ്രതിപക്ഷം നേരിടുന്നത്.
ന്യൂഡൽഹി: കെജ്രിവാളിന്റെ അറസ്റ്റിന് കാരണക്കാരനായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) മാപ്പുസാക്ഷി ബി.ജെ.പിക്ക് സംഭാവന നൽകാനായി 30 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി. മദ്യനയ കേസിൽ പ്രതിചേർത്ത് ഇ.ഡി അറസ്റ്റ് ചെയ്തിരുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി പി. ശരത് ചന്ദ്ര റെഡ്ഡിയാണ് അദ്ദേഹത്തിന്റെ കമ്പനിയായ അരബിന്ദൊ ഫാർമ ലിമിറ്റഡിലുടെ ബി.ജെ.പിക്ക് 30 കോടി രൂപ ഇലക്ടറൽ ബോണ്ട് വഴി സംഭാവന നൽകിയത്. മദ്യനയ കേസിൽ 2022 നവംബർ 10നാണ് ശരത് ചന്ദ്ര റെഡ്ഡി അറസ്റ്റിലാവുന്നത്. ഇതിനുപിന്നാലെ അഞ്ച് ദിവസം കഴിഞ്ഞ് നവംബർ 15ന് അരബിന്ദോ ഫാർമ ലിമിറ്റഡ് ബി.ജെ.പിയുടെ അഞ്ച് കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് വാങ്ങി. പിന്നീട് ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയുമായി ശരത് ഡല്ഹി ഹൈകോടതിയിൽ എത്തിയപ്പോൾ ഇ.ഡി എതിർത്തില്ല. 2023 മേയിൽ കോടതി ജാമ്യം നല്കുകയും പിന്നീട് മാപ്പുസാക്ഷിയാകുകയും ചെയ്തു. ഇതിനു പിന്നാലെ അരബിന്ദോ ഫാർമ ലിമിറ്റഡ് ബി.ജെ.പിയുടെ 25 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട് കൂടി വാങ്ങിക്കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.