പട്ന: ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും വിമർശിച്ച് ജെ.ഡി(യു) നേതാവ് നിതീഷ് കുമാർ. 2014ൽ വിജയിച്ച് അധികാരത്തിൽ വന്നവർക്ക് 2024ലും തുടരാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു.
'ബി.ജെ.പി എന്നെ ഒതുക്കാൻ നോക്കി. ബി.ജെ.പി സഖ്യം കൊണ്ട് ജെ.ഡി.യുവിന്റെ അംഗസംഖ്യ കുറഞ്ഞു. 2020ൽ മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചിരുന്നില്ല. ബി.ജെ.പിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അന്ന് മുഖ്യമന്ത്രിയായത്' -നിതീഷ് കുമാർ പറഞ്ഞു. അതേസമയം, തനിക്ക് പ്രധാനമന്ത്രിയാവാൻ മോഹമില്ലെന്നും കൂട്ടിച്ചേർത്തു.
ബിഹാറിൽ ബി.ജെ.പി വിരുദ്ധ സഖ്യം ഇന്നാണ് അധികാരത്തിലേറിയത്. നിതീഷ് കുമാർ എട്ടാംതവണയും മുഖ്യമന്ത്രിയായപ്പോൾ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
ബി.ജെ.പിയെ ഭരണത്തിൽനിന്ന് പുറന്തള്ളിയാണ് ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാസഖ്യം അധികാരത്തിലേറിയത്. ബി.ജെ.പി സഖ്യത്തിൽ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ സഖ്യം അവസാനിപ്പിച്ച് പ്രതിപക്ഷ ചേരിക്കൊപ്പം ചേരുകയായിരുന്നു.
ബിഹാർ നിയമസഭയിൽ 242 അംഗങ്ങളാണ് ഇപ്പോഴുള്ളത്. കേവല ഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണ മതി. ആർ.ജെ.ഡി 79, ജെ.ഡി.യു 44, കോൺഗ്രസ് 19, സി.പി.ഐ-എം.എൽ 12, സി.പി.ഐ 2, സി.പി.എം 2 എന്നിങ്ങനെ 160 എം.എൽ.എമാരുടെ പിന്തുണയാണ് നിതീഷിനുള്ളത്. ബി.ജെ.പിക്ക് 77ഉം ഒപ്പമുള്ള ഹിന്ദുസ്ഥാനി അവാമി മോർച്ചക്ക് നാലും സീറ്റാണുള്ളത്.
നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് രണ്ടാം തവണയാണ് അധികാരത്തില്‍ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2017ൽ ആര്‍.ജെ.ഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബി.ജെ.പിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതോടെ സഖ്യം പൊളിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.