മുംബൈ: ലളിതമായി ജീവിക്കുകയും വ്യവസായ സാമ്രാജ്യം നയിക്കുന്നതിനൊപ്പം മനുഷ്യരെയും മൃഗങ്ങളെയും ചേർത്തുപിടിക്കുകയും സമ്പാദ്യത്തിന്റെ മുക്കാൽ പങ്കും ജീവകാരുണ്യ പ്രവർത്തനത്തിന് നീക്കിവെക്കുകയും ചെയ്ത രത്തൻ ടാറ്റക്ക് പകരക്കാരനാകുക നോയൽ ടാറ്റക്ക് എളുപ്പമാകില്ല. രത്തൻ ടാറ്റയുടെ നിര്യാണത്തോടെ ടാറ്റ കമ്പനികളുടെ ഭൂരിപക്ഷ ഓഹരി ഉടമയായ ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായി അദ്ദേഹത്തിന്റെ അർധ സഹോദരൻ നോയൽ ടാറ്റയെ ആണ് നിയോഗിച്ചിരിക്കുന്നത്.
രത്തൻ ടാറ്റയുടെ പാരമ്പര്യം നോയൽ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് വ്യവസായ ലോകം ഉറ്റുനോക്കുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി രത്തൻ ടാറ്റയുടെ നിഴലിൽ ടാറ്റ സാമ്രാജ്യത്തിന്റെ വിവിധ കമ്പനികളുടെ അമരത്ത് നോയലുണ്ട്. 2012ൽ ടാറ്റ സൺസിൽനിന്ന് രത്തൻ ടാറ്റ വിരമിക്കുമ്പോൾ നോയൽ ചെയർമാനാകുമെന്നാണ് കരുതപ്പെട്ടത്.
എന്നാൽ, ടാറ്റ കുടുംബത്തിന് പുറത്തേക്കാണ് ആ പദവി പോയത്. ടാറ്റ ട്രസ്റ്റിനെയും ടാറ്റ സൺസിനെയും ഒരാൾതന്നെ നയിക്കേണ്ടെന്ന നിബന്ധനയും കൊണ്ടുവന്നു. ട്രസ്റ്റിൽ തന്റെ പിൻഗാമി ആരാകണമെന്ന് രത്തൻ ഒരിക്കലും പറഞ്ഞിട്ടില്ല. വെള്ളിയാഴ്ച നടന്ന ട്രസ്റ്റ് യോഗത്തിലാണ് നോയലിനെ ഐകകണ്ഠ്യേന ചെയർമാനായി തെരഞ്ഞെടുത്തത്.
നോയൽ നിലവിൽ ട്രെന്റ്, വൊൾടാസ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ, ടാറ്റ ഇന്റർനാഷനൽ എന്നീ കമ്പനികളുടെ ചെയർമാനും ടാറ്റ സ്റ്റീൽ, ടൈറ്റൻ എന്നിവയുടെ വൈസ് ചെയർമാനുമാണ്. സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയിൽ അംഗവുമാണ്. 2010 ആഗസ്റ്റ് മുതൽ 2021 നവംബർ വരെ ടാറ്റ ഗ്രൂപ്പിന്റെ വ്യാപാര, വിതരണ കമ്പനിയായ ടാറ്റ ഇന്റർനാഷനലിൽ എം.ഡിയായിരുന്നു നോയൽ.
ഈ കാലയളവിൽ കമ്പനിയുടെ വരുമാനം 500 മില്യൺ ഡോളറിൽനിന്ന് മൂന്ന് ബില്യൺ ഡോളറായി ഉയർന്നിരുന്നു. ട്രെന്റിന്റെ എം.ഡിയായിരിക്കെ ഒരു സ്റ്റോറിൽനിന്ന് രാജ്യത്തുടനീളം 700 സ്റ്റോറുകളിലെത്തിച്ചു. യു.കെയിലെ സുസ്സെക്സ് സർവകലാശാലയിലും ഇൻസീഡിലും പഠിച്ച നോയൽ ഐറിഷ് പൗരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.