ഹരിയാനയിൽ അട്ടിമറി; ജനവിധി അംഗീകരിക്കില്ല; ബി.ജെ.പിയുടേത് കൃത്രിമ വിജയമെന്നും കോൺഗ്രസ്

ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ഗുരുതര ആരോപണം ഉന്നയിച്ച് കോൺഗ്രസ്. ബി.ജെ.പിയുടെ വിജയം കൃത്രിമമാണെന്നും ഫലം അംഗീകരിക്കാനാകില്ലെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ നേതാക്കളായ ജയ്റാം രമേശ്, പവൻഖേര എന്നിവർ വ്യക്തമാക്കി.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വളരെ ഗുരുതരമായ പരാതികൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഹിസാർ, മഹേന്ദ്രഗഢ്, പാനിപ്പത്ത് ജില്ലകളിൽ വോട്ടെണ്ണൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരാതിയുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഈ കാര്യങ്ങളൊക്കെ വെച്ച് തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് വലിയ മുന്നേറ്റമാണ് നടത്തിയത്. എന്നാൽ പെട്ടെന്ന് ലീഡ് നില മാറിമറിഞ്ഞു. ഒറ്റവാക്കിൽ പറഞ്ഞാൽ ജനാധിപത്യത്തെ അട്ടിമറിക്കുന്നതരത്തിലുള്ള ഫലമാണ് ഹരിയാനയിൽ ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു ഫലം പുറത്തുവരുന്നതിന്റെ യാതൊരു സൂചനകളും ലഭിച്ചിരുന്നില്ല. കോൺഗ്രസ് സ്ഥാനാർഥികൾ റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകിയിട്ടുണ്ടെന്നും പവൻ ഖേര പറഞ്ഞു.

ഹരിയാന തെരഞ്ഞെടുപ്പിന്റെ ലീഡുകളും ഫലങ്ങളും പ്രസിദ്ധീകരിക്കാൻ കാലതാമസം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് ജയറാം രമേശ് ചൊവ്വാഴ്ച രാവിലെ പരാതി നൽകിയിരുന്നു.

11 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായിട്ടും നാല്, അഞ്ച് റൗണ്ടുകൾ വരെയുള്ള ഫലങ്ങളാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സത്യവും കൃത്യവുമായ കണക്കുകൾ ഉപയോഗിച്ച് കമീഷന്റെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഉദ്യോഗസ്ഥർക്ക് ഉടൻ നിർദേശങ്ങൾ നൽകണമെന്നും അതുവഴി തെറ്റായ വാർത്തകളും വിവരണങ്ങളും തടയാൻ കഴിയുമെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ആരോപണത്തിൽ കഴമ്പില്ലെന്ന് കമീഷൻ

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തെചൊല്ലി കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിൽ വാക്പോര്. തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ ഹരിയാന തെരഞ്ഞെടുപ്പ് ഫലം യഥാസമയം വരുന്നില്ലെന്ന് കാണിച്ച് ചൊവ്വാഴ്ച കാലത്ത് കോൺഗ്രസ് പരാതി ഉന്നയിച്ചിരുന്നു. കൃത്യമായി ഫലം കൊടുത്ത് ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വ്യാജവാർത്ത തടയാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കാലത്ത് ഒമ്പതിനും പതിനൊന്ന് മണിക്കുമിടയിൽ ദുരൂഹമായ രൂപത്തിൽ വെബ്സൈറ്റിൽ വിവരങ്ങൾ വന്നില്ലെന്നായിരുന്നു പാർട്ടി ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ വാദം.

എന്നാൽ, ഫലം വൈകിച്ചെന്ന ആരോപണത്തെ സാധൂകരിക്കുന്ന യാതൊരു തെളിവുമില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കോൺഗ്രസ് നേതാവ് ജയ്റാം രമേശിനെ അറിയിച്ചു. തെളിവില്ലാത്ത കഥകൾക്ക് അംഗീകാരം നൽകുന്ന രൂപത്തിലുള്ള ആരോപണങ്ങളാണ് രമേശ് ഉന്നയിച്ചതെന്നും കമീഷൻ പറഞ്ഞു. 

Tags:    
News Summary - Will not accept Haryana verdict -Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.