ന്യൂഡൽഹി: സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാറിന് ഉദ്ദേശ്യമില്ലെന്ന് കേന്ദ്രം രാജ്യസഭയിൽ അറിയിച്ചു. വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി രാജ്യവർധൻ സിങ് റത്തോഡാണ് സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയവപോലുള്ള സമൂഹമാധ്യമങ്ങളിൽ സർക്കാർ നയങ്ങൾ, പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ സോഷ്യൽ മീഡിയ ഹബ് രൂപവത്കരിക്കാൻ മന്ത്രാലയം നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യക്തികളുടെ സ്വകാര്യതക്കുള്ള അവകാശത്തിലേക്ക് കടന്നുകയറാൻ ഉദ്ദേശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ രൂപവത്കരിക്കാൻ പോകുന്ന സോഷ്യൽ മീഡിയ ഹബ് ജനങ്ങളുടെ വാട്സ്ആപ് സന്ദേശങ്ങൾ ചോർത്താനും അവരെ നിരീക്ഷിക്കാനുമാണോ എന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് കഴിഞ്ഞദിവസം ചോദിച്ചതിന് പിന്നാലെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. അത്തരം സമൂഹമാധ്യമ നിരീക്ഷണം ഒരു ‘നിരീക്ഷണ രാഷ്ട്രമാക്കി’ രാജ്യത്തെ മാറ്റുന്നതുപോലെയാവുമെന്നും പരമോന്നത കോടതി അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, ഇക്കഴിഞ്ഞ മേയിൽ വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡ്(ബി.ഇ.സി.െഎ.എൽ) സമൂഹമാധ്യമ നിരീക്ഷണ പദ്ധതിക്കാവശ്യമായി സോഫ്റ്റ് െവയർ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.