ഹൈദരാബാദ്: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ തെലങ്കാനയേക്കാൾ കൂടുതൽ തൊഴിൽ നൽകിയെന്ന് രാഹുൽ ഗാന്ധി തെളിയിച്ചാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ബി.ആർ.എസ് നേതാവ് കെ. കവിത. തെലങ്കാന കോൺഗ്രസ് നേതാവ് ഭട്ടി വിക്രമാർക ഒരു ക്ഷേത്രത്തിൽ സത്യവാങ്മൂലത്തിൽ ഒപ്പുവെക്കുകയും തെലങ്കാനയിൽ കോൺഗ്രസ് നൽകിയ ആറ് ഉറപ്പുകൾ നടപ്പാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു പരാമർശം. കോൺഗ്രസ് യുക്തിരഹിതവും അസംബന്ധവുമായ വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് നൽകുന്നതെന്നും കവിത പറഞ്ഞു.
"ഞാൻ രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പാർട്ടിയെയും വെല്ലുവിളിക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ തെലങ്കാനയേക്കാൾ കൂടുതൽ തൊഴിൽ നൽകിയെന്ന് തെളിയിച്ചാൽ രാഷ്ട്രീയജീവിതത്തിൽ നിന്ന് രാജി വെക്കും. മറിച്ചാണെങ്കിൽ രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയം ഉപേക്ഷിക്കാൻ കഴിയുമോ? തെലങ്കാനയിലെ തൊഴിൽ രഹിതരായ യുവത്വത്തോട് കള്ളം പറയരുത്. അവരെ കബളിപ്പിക്കുയും ചെയ്യരുത്"- കവിത പറഞ്ഞു.
സർക്കാർ രൂപീകരിച്ച് 100 ദിവസത്തിനകം 2.60 ലക്ഷം തൊഴിലവസരങ്ങൾ നികത്താനുള്ള നടപടികൾ ആരംഭിക്കുമെന്ന് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതുവരെ ഒന്നും ആരംഭിച്ചിട്ടില്ലെന്നും കവിത ആരോപിച്ചു. 2.32 ലക്ഷം തൊഴിലവസരങ്ങൾ നികത്താൻ ബി.ആർ.എസ് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും 1.60 ലക്ഷം ജോലികൾ ഇതിനകം നൽകിയിട്ടുണ്ടെന്നും കെ.കവിത വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.