ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെ, വീണ്ടും അധികാരത്തിലേറുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ തറക്കല്ലിട്ടിരിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം അന്ന് നടത്തുമെന്നും അടുത്ത വർഷം ചെങ്കോട്ടയിൽ വന്ന് നിന്ന് രാജ്യത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ സർക്കാർ ഇപ്പോൾ തറക്കല്ലിടുന്ന പദ്ധതികൾ ഞങ്ങൾ തന്നെ ഉദ്ഘാടനം ചെയ്യും. നിങ്ങൾ കുറിച്ച് വെച്ചോ, ഈ ദിനങ്ങളിൽ ഞാൻ ഇടുന്ന തറക്കല്ലിന് ഉദ്ഘാടനം നിർവഹിക്കുന്നതും എന്‍റെ നിയോഗമായിരിക്കും -മോദി പറഞ്ഞു.
‘2014ൽ മാറ്റത്തിന്റെ വാഗ്ദാനവുമായാണ് ഞാൻ വന്നത്. മാറ്റം കൊണ്ടുവരുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. എന്റെ 140 കോടി കുടുംബാംഗങ്ങളെ, നിങ്ങൾ എന്നെ വിശ്വസിച്ചു. നവീകരണം, നിർവഹണം, പരിവർത്തനം എന്നിവയായി ആ വാഗ്ദാനം വിശ്വാസനീയമായി മാറ്റപ്പെട്ടു. 2019-ൽ, എന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങളെല്ലാവരും എന്നെ വീണ്ടും അനുഗ്രഹിച്ചു. മാറ്റത്തിന്റെ വാഗ്ദാനം എന്നെ ഇവിടെ എത്തിച്ചു. അടുത്ത അഞ്ച് വർഷം അഭൂതപൂർവമായ വികസനമാണ് ഉണ്ടാകുക. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ളതാണ് അടുത്ത അഞ്ച് വർഷം...’
‘അടുത്ത ഓഗസ്റ്റ് 15 ന് ഇതേ ചെങ്കോട്ടയിൽ നിന്ന്, രാജ്യത്തിന്റെ നേട്ടങ്ങളും പുരോഗതിയും വിജയവും കൂടുതൽ ആത്മവിശ്വാസത്തോടെ ഞാൻ നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കും’ -മോദി പറഞ്ഞു.
മണിപ്പൂരിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തെക്കുറിച്ചും പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. രാജ്യം മണിപ്പൂരിന്റെ കൂടെ നിൽക്കുന്നെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് മണിപ്പൂരിലുണ്ടായ അക്രമസംഭവങ്ങളിൽ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അമ്മമാരുടെയും പെൺമക്കളുടെയും അഭിമാനത്തിന് ക്ഷതമേറ്റു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമാധാനം തിരിച്ചുവരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുനഃസ്ഥാപിക്കപ്പെട്ട സമാധാനം മണിപ്പൂരിലെ ജനങ്ങൾ കെട്ടിപ്പടുക്കണം. മണിപ്പൂരിൽ സമാധാനത്തിലൂടെ പരിഹാരത്തിനുള്ള വഴി കണ്ടെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.