ശ്രീനഗർ: കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്താൽ ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയെ പിന്തുണക്കുമെന്ന് അവാമി ഇത്തിഹാദ് പാർട്ടി (എ.ഐ.പി) മേധാവി എൻജിനീയർ റാഷിദ്.
നരേന്ദ്രമോദിക്കോ അമിത് ഷാക്കോ എന്നല്ല, ഭൂമിയിലാർക്കും കശ്മീരികളെ അടിച്ചമർത്താനാകില്ലെന്നും സത്യം തങ്ങൾക്കൊപ്പമാണ്, അത് വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് ആഗോള ശക്തി എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ കശ്മീർ പ്രശ്‌നം പരിഹരിക്കണമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
"ഞങ്ങൾ ഇന്ത്യയുടെ ശത്രുക്കളോ പാക്കിസ്താന്‍റെ ഏജന്‍റുമാരോ അല്ലെന്ന് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ നമ്മുടെ മനസ്സാക്ഷിയുടെ ഏജന്‍റുമാരാണ്. 2019 ആഗസ്റ്റ് 5ന് മോദി ഞങ്ങളിൽ നിന്ന് നിയമവിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും എല്ലാം തട്ടിയെടുത്തു"- അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിഹാർ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയതാണ് എൻജിനീയർ റാഷിദ്. ഭീകര പ്രവർത്തന ഫണ്ടിന്റെ പേരിൽ ദേശീയ അന്വേഷണ ഏജൻസി 2019ൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ശൈഖ് അബ്ദുൽ റാശിദ് എന്ന എൻജിനീയർ റാഷിദ് അലി ജയിലിലിരുന്ന് മത്സരിച്ചാണ് ബാരാമുല്ലയിൽ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ തോൽപിച്ചത്.
കശ്മീരികളുടെയും മുസ്ലിംകളുടെയും വോട്ട് ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമാണ് റാഷിദെന്നും അദ്ദേഹത്തിന്റെ പാർട്ടിക്ക് വോട്ടു ചെയ്ത് പാഴാക്കരുതെന്നും നാഷനൽ കോൺഫറൻസും പി.ഡി.പിയും ജനങ്ങളോടാവശ്യപ്പെടുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വന്തം പ്രചാരണത്തിന് ജാമ്യം കൊടുക്കാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജാമ്യം അനുവദിച്ചത് രാഷ്ട്രീയ വിവാദമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.