ലഖ്നോ: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ വ്യാജ കറൻസി നിർമിച്ച് വിതരണം ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 10 രൂപയുടെ മുദ്രപത്രം ഉപയോഗിച്ച് 500 രൂപയുടെ കള്ളനോട്ടുകൾ നിർമിച്ച സതീഷ് റായ്, പ്രമോദ് മിശ്ര എന്നിവരാണ് പിടിയിലായത്. കമ്പ്യൂട്ടർ പ്രിന്ററിന്റെ സഹായത്തോടെ പ്രതികൾ അടിച്ചിറക്കിയ 10,000 രൂപയുടെ വ്യാജ കറൻസിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ നോട്ടുകൾക്കും ഒരേ സീരിയൽ നമ്പർ തന്നെയാണുള്ളത്.
മിർസാപുരിൽനിന്നാണ് പ്രതികൾ മുദ്രപത്രം വാങ്ങുന്നത്. യൂട്യൂബ് വിഡിയോയിൽ നിന്നാണ് കറൻസി നോട്ട് പ്രിന്റ് ചെയ്യുന്ന രീതി കണ്ടു പഠിച്ചത്. ഒറ്റ നോട്ടത്തിൽ യഥാർഥ നോട്ടാണെന്ന് തോന്നും വിധമാണ് നിർമാണം. കറൻസി നോട്ടുകളെ കുറിച്ച് ആഴത്തിൽ അറിവുള്ളവർക്ക് മാത്രമേ വ്യാജനാണെന്ന് തിരിച്ചറിയാനാകൂ. സോൻഭദ്ര ജില്ലയിൽ വിവിധയിടത്തായി 30,000 രൂപയുടെ കറൻസി ഇവർ പ്രചരിപ്പിച്ചു. രാംഗഡ് മാർക്കറ്റിൽ ചെലവഴിക്കാൻ കൊണ്ടുപോയ 10,000 രൂപയുടെ വ്യാജ കറൻസിയുമായാണ് പ്രതികൾ പിടിയിലായത്.
കുപ്പിവെള്ളത്തിനായുള്ള പരസ്യ ഏജൻസി നടത്തിപ്പുകാർ എന്ന നിലയിലാണ് പ്രതികൾ താമസിച്ചിരുന്നത്. വ്യാജ നോട്ടുകൾക്കു പുറമെ പ്രതികളുടെ കാർ, പ്രിന്റിങ് ഉപകരണങ്ങൾ, ലാപ്ടോപ്, മുദ്രപത്രങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വിശദമായ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.