ശ്രീനഗർ/ന്യൂഡൽഹി: ജമ്മു-കശ്മീർ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഗുലാം നബി ആസാദ്, ഉമർ അബ്ദുല്ല, മഹ്ബൂബ മുഫ്തി എന്നിവരുടെ പ്രത്യേക സുരക്ഷ സംഘത്തിന്റെ(എസ്.എസ്.ജി) സംരക്ഷണം നഷ്ടപ്പെടാൻ സാധ്യത. സുരക്ഷ അവസാനിപ്പിക്കാൻ ജമ്മു-കശ്മീർ സർക്കാറാണ് തീരുമാനിച്ചത്. ജമ്മു-കശ്മീരിലെ പ്രമുഖ നേതാക്കളുടെ സുരക്ഷഭീഷണിയുടെ മേൽനോട്ടം വഹിക്കുന്ന സെക്യൂരിറ്റി റിവ്യൂ കോഓഡിനേഷൻ കമ്മിറ്റിയാണ് തീരുമാനമെടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മുൻ മുഖ്യമന്ത്രിമാർക്കും അവരുടെ കുടുംബങ്ങൾക്കും എസ്.എസ്.ജി സുരക്ഷ നൽകുന്ന വ്യവസ്ഥ ഭേദഗതിചെയ്ത് ജമ്മു-കശ്മീർ പുനഃസംഘടന ഉത്തരവ് 2020 പ്രകാരം കേന്ദ്രം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച് 19 മാസങ്ങൾക്കു ശേഷമാണ് ഈ നീക്കം. സംഘത്തിന്റെ അംഗബലം പരമാവധി കുറച്ച് ശേഷി കൂട്ടുന്നതിന്റെ ഭാഗമായാണ് നടപടി. ഡയറക്ടർക്ക് പകരം പൊലീസ് സൂപ്രണ്ട് റാങ്കിന് താഴെയുള്ള ഉദ്യോഗസ്ഥനായിരിക്കും ഇനി ചുമതല.
അതേസമയം, എസ്.എസ്.ജിയുടെ എണ്ണം കുറക്കുന്നത് പ്രവർത്തനത്തിന് തടസ്സമാവുമെന്ന് അഭിപ്രായമുണ്ട്. ഭരണത്തിലുള്ള മുഖ്യമന്ത്രിമാരുടെയും അവരുടെ അടുത്ത കുടുംബാംഗങ്ങളുടെയും സുരക്ഷയായിരിക്കും ഇനി എസ്.എസ്.ജി നോക്കുക. ആസാദ് ഒഴികെയുള്ള ഈ മുൻ മുഖ്യമന്ത്രിമാർ ശ്രീനഗറിലാണ് താമസിക്കുന്നത്.
അതേസമയം, ഫാറൂഖ് അബ്ദുല്ലക്കും ഗുലാംനബി ആസാദിനും നാഷനൽ സെക്യൂരിറ്റി ഗാർഡിന്റെ (ബ്ലാക്ക് ക്യാറ്റ് കമാൻഡോ) സുരക്ഷ തുടരും. ഇരുവർക്കും ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്. ഉമർ അബ്ദുല്ലയും മഹ്ബൂബയും ജമ്മു-കശ്മീരിലായിരിക്കുമ്പോൾ ഇസഡ് പ്ലസ് സുരക്ഷ തുടരും. എന്നാൽ കേന്ദ്രഭരണ പ്രദേശത്തിന് പുറത്ത് സുരക്ഷ കുറയ്ക്കാൻ സാധ്യതയുണ്ട്. ജമ്മു-കശ്മീർ പൊലീസിന്റെ സുരക്ഷ വിഭാഗത്തിലും മറ്റ് വിഭാഗങ്ങളിലും എസ്.എസ്.ജി ഉദ്യോഗസ്ഥരെ നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.