മീറത്ത് (ഉത്തർപ്രദേശ്): മയക്കുമരുന്നിനുവേണ്ടി ജയിലിൽ അലറി വിളിച്ച് ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ഡ്രമ്മിൽ സിമന്‍റിട്ട് മൂടിയ യുവതിയും കാമകനും. ഉത്തർപ്രദേശിലെ മീറത്തിൽ നാടിനെ നടുക്കിയ കൊലപാതകം ചെയ്ത് പിടിയിലായ ഒരു പെൺകുട്ടിയുടെ അമ്മയായ മുസ്കാൻ രസ്തോഗി എന്ന യുവതിയുടെയും കാമുകൻ സാഹിൽ ശുക്ലയുടെയും അവസ്ഥയാണ് പുറത്തുവന്നത്.
ബുധനാഴ്ചയാണ് ഇരുവരും മീററ്റ് ജില്ല ജയിലിൽ എത്തിയത്. മുസ്കാൻ വളരെ കുറച്ച് മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ എന്ന് പൊലീസുകാർ പറഞ്ഞു. പലപ്പോഴും മയക്കുമരുന്ന് കുത്തിവെപ്പുകൾ ആവശ്യപ്പെടുകയാണ്. കാമുകൻ സാഹിലാകട്ടെ കഞ്ചാവ് കിട്ടാത്തതിനാൽ അസ്വസ്ഥനാണ്. ഇതേതുടർന്ന് വ്യത്യസ്ത ബാരക്കിലുള്ള ഇരുവരും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഇരുവരെയും കാണാൻ കുടുംബാംഗങ്ങളാരും ജയിലിൽ എത്തിയിട്ടില്ല.
ഭർത്താവും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ സൗരഭ് രജ്പുത്തിനെയാണ് കാമുകനെയും കൂട്ടി മുസ്കാൻ രസ്തോഗി കൊലപ്പെടുത്തിയത്. മകളുടെ ജന്മദിനാഘോഷത്തിനായി ലണ്ടനിൽനിന്നെത്തിയതായിരുന്നു സൗരഭ്. ജന്മദിനാഘോഷത്തിന് ദമ്പതികൾ ഒന്നിച്ച് നൃത്തം ചെയ്യുന്ന വിഡിയോ പുറത്തുവന്നിരുന്നു. മാർച്ച് നാലിനായിരുന്നു അത്. അതിനുശേഷം സൗരഭിനെ ആരും കണ്ടിട്ടില്ല. അന്ന് രാത്രി തന്നെ സൗരഭിനെ മുസ്കാനും സാഹിലും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പിന്നീട് പുറത്തുവന്ന വിവരം.
സൗരഭിന്റെ ഭക്ഷണത്തിൽ മുസ്കാൻ ഉറക്കഗുളിക ചേർത്തു. മയങ്ങിക്കിടന്ന സൗരഭിനെ സാഹിൽ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം വെട്ടിനുറുക്കി ഇരുവരും ചേർന്ന് പ്ലാസ്റ്റിക് ഡ്രമ്മിലാക്കി. ശേഷം സിമന്‍റിട്ട് മൂടുകയും ചെയ്തു. സൗരഭിനെ അന്വേഷിച്ചവരോട്, വിനോദയാത്ര പോയെന്നാണ് മുസ്കാൻ പറഞ്ഞത്. സൗരഭിന്‍റെ ഫോണുമെടുത്ത് മുസ്കാനും കാമുകനും മണാലിയിലേക്ക് യാത്ര പോകുകയും ചെയ്തു. കുടുംബാംഗങ്ങൾ വിളിച്ചിട്ടും സൗരഭ് ഫോൺ എടുക്കാതായതോടെ സംശയം തോന്നി പൊലീസ് പരാതി നൽകുകയായിരുന്നു. ഇതോടെ ഞെട്ടിക്കുന്ന കൊലപാതകം പുറത്തുവരികയായിരുന്നു.
2016ലാണ് സൗരഭും മുസ്കാനും പ്രണയിച്ച് വിവാഹിതരായത്. ഭർത്താവ് ലണ്ടനിലേക്ക് പോയതോടെ അഞ്ചുവയസ്സുള്ള മകൾക്കൊപ്പം മീറത്തിലെ ഫ്ലാറ്റിലായിരുന്നു മുസ്കാന്‍റെ താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.