ബംഗളൂരു: ആകാശയാത്ര പാതിദൂരം പിന്നിട്ടപ്പോൾ മേഘങ്ങളെ സാക്ഷിയാക്കി അവൻ ഭൂമിയിലേക്ക് പിറന്നുവീണു. നിറപുഞ്ചിരിയോടെ വാരിപ്പുണർന്ന് വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങൾ. ഡൽഹി^ ബംഗളൂരു ഇൻഡിഗോ വിമാനത്തിൽ ബുധനാഴ്ച വൈകീട്ട് 6.30നാണ് യാത്രക്കാരിയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇരുവരും സുഖമായിരിക്കുന്നു.
വിമാനത്തിൽ പ്രസവം അപൂർവമല്ല. എന്നാൽ, മാസം തികയാതെയുള്ള ഏറെ സങ്കീർണമായ പ്രസവം ഏറ്റെടുത്താണ് കാബിൻ ക്രൂ അംഗങ്ങൾ കൈയടി നേടിയത്. ബുധനാഴ്ച വൈകീട്ട് 4.40നാണ് ഇൻഡിഗോയുടെ 6E 122 എന്ന വിമാനം പുറപ്പെട്ടത്. 32 ആഴ്ച തികയാത്തതിനാലാണ് ഗർഭിണിയെ യാത്ര ചെയ്യാൻ അനുവദിച്ചത്. എന്നാൽ, യാത്രാമെധ്യ പ്രസവവേദനയുണ്ടായി. ഇതോടെ, വിമാനത്തിലുണ്ടായിരുന്ന മുതിർന്ന ഗൈനക്കോളജിസ്റ്റ് ഡോ. ഷൈലജ വല്ലഭാനിയും കാബിൻ ക്രൂ അംഗങ്ങളും ശുശ്രൂഷ നൽകി. യാത്രക്കിടെ മനസ്സാന്നിധ്യത്തോടെ യുവതിയെയും കുഞ്ഞിനെയും പരിചരിച്ച കാബിൻ ക്രൂ അംഗങ്ങളുടെ ഇടപെടലിനെ അഭിനന്ദിച്ച് മറ്റു യാത്രക്കാർ ചിത്രങ്ങൾ സഹിതം ട്വീറ്റ് ചെയ്തു.
ഡോക്ടറും പൈലറ്റും മറ്റു കാബിൻ ക്രൂ അംഗങ്ങളും വിമാനത്തിനുള്ളിൽ കുഞ്ഞിനെ എടുത്തുനിൽക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. രാത്രി 7.30ന് ബംഗളൂരു വിമാനത്താവളത്തിലിറങ്ങിയ വിമാനത്തിൽനിന്ന് വീൽ ചെയറിലിരുത്തിയാണ് യുവതിയെ പുറത്തിറക്കിയത്. 'നമ്മ ബംഗളൂരുവിലേക്ക് സ്വാഗതം' എന്ന ബാനർ ഉയർത്തിയാണ് എയർപോർട്ട് ജീവനക്കാർ മാതാവിനെയും കുഞ്ഞിനെയും സ്വീകരിച്ചത്. ആംബുലൻസിൽ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ വിമാനത്തിൽ പിറന്ന കുഞ്ഞിന് ഇൻഡിഗോ ആജീവനാന്ത സൗജന്യയാത്ര നൽകുമോ എന്ന ചർച്ച സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. 2009ൽ എയർ ഏഷ്യയും 2017ൽ ജെറ്റ് എയർവേയ്സും വിമാനത്തിൽ ജനിച്ച കുഞ്ഞിന് ആജീവാന്ത സൗജന്യ യാത്ര അനുവദിച്ചിരുന്നു. 2017 ജൂണിൽ ദമ്മാം^ കൊച്ചി ജെറ്റ് എയർവേയ്സിൽ തൊടുപുഴ സ്വദേശിനിയായ നഴ്സ് കുഞ്ഞിന് ജന്മം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.