ജയ്പുർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഞായറാഴ്ച വോട്ടെണ്ണൽ നടക്കാനിരിക്കെയാണ് ഗെഹ്ലോട്ട് തുടർഭരണ പ്രത്യാശ ആവർത്തിച്ചത്. ബി.ജെ.പി നേതാക്കൾ പ്രചാരണത്തിനിടയിൽ പ്രകോപനപരമായ ഭാഷയാണ് ഉപയോഗിച്ചുപോന്നത്. സമുദായ കാർഡ് കളിക്കാൻ ശ്രമിച്ചു. എന്നാൽ, ജനം അത് തള്ളിക്കളഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ എന്നിവരെല്ലാം പ്രകോപനത്തിന്റെ ഭാഷ രാജസ്ഥാനിൽ പരീക്ഷിക്കുകയായിരുന്നു. എന്നാൽ, കോൺഗ്രസിന് അനുകൂലമായ അടിയൊഴുക്കുണ്ടായി. ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ല -ഗെഹ്ലോട്ട് പറഞ്ഞു. 75.45 ശതമാനമെന്ന ഉയർന്ന വോട്ടിങ് നിലയും കോൺഗ്രസിന്റെ തുടർഭരണ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്. അഞ്ചു വർഷം മുമ്പത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ 74.71 ആയിരുന്നു വോട്ടുശതമാനം. 2018ൽ വോട്ടുചെയ്ത സ്ത്രീകളുടെ എണ്ണത്തിൽ മുമ്പത്തേക്കാൾ വർധന രേഖപ്പെടുത്തിയെങ്കിൽ, ഇത്തവണ വോട്ടുചെയ്ത സ്ത്രീകളുടെ എണ്ണം വീണ്ടും ഉയർന്നു. ഇത്തവണ 74.53 ശതമാനം സ്ത്രീ വോട്ടർമാർ പോളിങ് ബൂത്തിലെത്തി.
സർക്കാർ സ്ത്രീകളെ ആകർഷിക്കുന്ന നിരവധി വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചതിന്റെ പ്രതിഫലനംകൂടിയാണിതെന്ന് കോൺഗ്രസ് അളക്കുന്നു. സ്ത്രീ വോട്ടർമാർ കൂടുതലായി പോളിങ് ബൂത്തിൽ എത്തിയത് തങ്ങൾക്ക് അനുകൂലമായ തെരഞ്ഞെടുപ്പുഫലത്തിന്റെ സൂചനയാണെന്ന് പാർട്ടി കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.