ന്യൂഡൽഹി: ഗർഭിണികളായ സത്രീകളെ ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡൽഹി വനിത കമീഷൻ. ഗർഭിണികളായ സത്രീകളെ "താൽകാലിക അയോഗ്യർ" ആയി പ്രഖ്യാപിച്ച ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് വനിത കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ അഭിപ്രായപ്പെട്ടു. മൂന്ന് മാസം ഗർഭിണികളായ ഉദ്യോഗാർഥികളെ ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്ന് താൽകാലിക അയോഗ്യരാക്കി ഡിസംബർ 31നാണ് എസ്.ബി.ഐ പുതിയ സർക്കുലർ പുറത്തിറക്കിയത്.
2020ലെ സോഷ്യൽ സെക്യൂരിറ്റി കോഡ് പ്രകാരം സത്രീകൾക്ക് ലഭിക്കുന്ന പ്രസവ ആനുകൂല്യങ്ങൾക്ക് വിരുദ്ധമാണ് എസ്.ബി.ഐയുടെ നടപടിയെന്നും വനിത കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഈ മാർഗനിർദേശങ്ങൾ എന്ത് അടിസ്ഥാനത്തിലാണ് രൂപീകരിച്ചതെന്ന് വ്യക്തമാക്കാനും നിർദേശങ്ങൾ നടപ്പാക്കിയ ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്താനും ആവശ്യപ്പെട്ട് കമീഷന്‍ നോട്ടീസ് അയച്ചു.
ചൊവ്വാഴ്ചക്കകം നോട്ടീസിന് മറുപടി നൽകണമെന്ന് വനിത കമീഷന്‍ എസ്.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ ഇതുവരെ എസ്.ബി.ഐ പ്രതികരിച്ചിട്ടില്ല.
നേരത്തെ, ജോലിയിൽ പ്രവേശിക്കുന്നതിന് കുഴപ്പമില്ലെന്ന് തെളിയിക്കുന്ന ഗൈനക്കോളജിസ്റ്റിന്‍റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആറ് മാസം ഗർഭിണികളായ സത്രീകൾക്ക് വരെ എസ്.ബി.ഐയിൽ ചേരാനുള്ള അനുമതിയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.