ന്യൂഡൽഹി: ആർട്ടിക്ക്ൾ 370 പുനഃസ്ഥാപിക്കാതെ തെരഞ്ഞെടുപ്പുകളിൽ മൽസരിക്കില്ലെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ജമ്മുകശ്മീർ പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ ഫലം ആത്മവിശ്വാസം പകരുന്നതാണെന്നും അവർ പറഞ്ഞു. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അവരുടെ പരാമർശം.
ആർട്ടിക്ക്ൾ 370 പുനഃസ്ഥാപിക്കുന്നത് വരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഞങ്ങൾക്കിടയിൽ പല അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും നല്ല ലക്ഷ്യത്തെ മുൻ നിർത്തി ഒരുമിച്ച് നിൽക്കുകയാണെന്ന് ജമ്മുകശ്മീരിലെ രാഷ്ട്രീയപാർട്ടികളുടെ സഖ്യത്തെ കുറിച്ച് മെഹ്ബൂബ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമാവും മുഖ്യമന്ത്രി പദത്തെ കുറിച്ചുള്ള ചർച്ചകൾ നടത്തുക. താൻ മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിക്കില്ലെന്നും മെഹ്ബൂബ കൂട്ടിച്ചേർത്തു.
ഒരു ചെകുത്താനുമായിട്ടാണ് എന്‍റെ പിതാവ് സഖ്യത്തിലേർപ്പെട്ടത്. നരേന്ദ്രമോദിയുമായിട്ടല്ല താൻ സഖ്യത്തിലേർപ്പെട്ടത്. കശ്മീരിന്റെ നല്ല ഭാവിക്കായി ഇന്ത്യൻ പ്രധാനമന്ത്രിയുമായാണ് സഖ്യത്തിലേർപ്പെട്ടത്. എല്ലാം ആവശ്യങ്ങളും അവർ അംഗീകരിച്ചതായിരുന്നു. എന്നാൽ, സർക്കാർ വീണപ്പോൾ അവർ വാഗ്ദാനങ്ങളിൽ നിന്ന് പിന്നാക്കം പോയെന്നും മെഹ്ബൂബ കുറ്റപ്പെടുത്തി.
ജമ്മുകശ്മീരിലെ ഡി.ഡി.സി തെരഞ്ഞെടുപ്പിൽ ഗുപ്കർ സഖ്യം വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. 20 ജില്ലകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജമ്മുകശ്മീരിൽ ആർട്ടിക്ക്ൾ 370 റദ്ദാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.