'മുംബൈയെ 'അദാനി സിറ്റി'യാക്കി മാറ്റാൻ അനുവദിക്കില്ല'; ധാരാവി പുനർവികസന പദ്ധതിക്കെതിരെ വിമർശനവുമായി ഉദ്ധവ് താക്കറെ

മുംബൈ: ധാരാവി പുനർവികസന ടെൻഡർ ​ഗൗതം അദാനിക്ക് നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി ശിവ സേന യു.ബി.ടി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. മുംബൈയെ അദാനി സിറ്റിയാക്കി മാറ്റാൻ അനുവദിക്കില്ലെന്നും ടെൻഡറിൽ ചതിയുണ്ടെന്നും റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

“മൻമോഹൻ സർക്കാരിന്റെ കാലത്ത് മുംബൈയിൽ ​ഗിഫ്റ്റ് സിറ്റി വരുന്നുണ്ടെന്ന് പറഞ്ഞു. ഞങ്ങൾ അതിനെ സ്വാ​ഗതം ചെയ്തു. എന്നാൽ ​ഗിഫ്റ്റ് സിറ്റി നരേന്ദ്ര മോദി ​ഗുജറാത്തിലേക്ക് മാറ്റി. ഇപ്പോൾ ​ഗുജറാത്തിന് ​ഗിഫ്റ്റ് സിറ്റിയും മ​ഹാരാഷ്ട്രക്ക് അദാനി സിറ്റിയും നൽകാനാണ് ശ്രമിക്കുന്നത്. ഇത് ഞങ്ങൾ അനുവദിക്കില്ല. മുംബൈ അതിന്റെ സ്വത്വത്തിൽ തന്നെ തുടരും“ താക്കറെ പറഞ്ഞു.

പദ്ധതി പ്രകാരം ധാരാവി നിവാസികൾക്ക് എന്ത് സൗകര്യങ്ങളാണ് നൽകുകയെന്നോ അവർ എവിടെ താമസിക്കുമെന്നോ വ്യക്തത നൽകിയിട്ടില്ല. ഇത് ഒരു കെണിയാണ്. ധാരാവിയെ എങ്ങനെ വികസിപ്പിക്കുമെന്നതിനെ കുറിച്ചും പദ്ധതിയിൽ പരാമർശമില്ല. ധാരാവി നിവാസികൾ എവിടേക്കാണ് പോകേണ്ടത്? ധാരാവിയിലെ പുനർവികസനം മൂലം നിവാസികൾ മാറ്റിപ്പാർപ്പിക്കപ്പെടരുതെന്നും അദാനിക്ക് അതിന് കഴിവില്ലെങ്കിൽ വീണ്ടും ടെൻഡർ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെൻഡർ റദ്ദാക്കി നിവാസികൾക്ക് 500 സ്ക്വയർ ഫീറ്റുള്ള വീട് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മഹാരാഷ്ട്ര കോൺ​ഗ്രസ് അധ്യക്ഷൻ നാനാ പടോലെയും പദ്ധതി അദാനി സർക്കാരിന് നൽകിയതിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ധാരാവി പുനർവികസന പദ്ധതി അദാനിക്ക് നൽകിയത് തുടക്കം മാത്രമാണ്. കോടികൾ വിലമതിക്കുന്ന വോർളിയിലെ ക്ഷീരഭൂമി തുച്ഛമായി വിലക്ക് നൽകാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഉദ്ധവ് താക്കറെയുടെ പരാമർശങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവ സേന നേതാവ് രാഹുൽ ഷെവാലെ രം​ഗത്തെത്തിയിരുന്നു. താക്കറെയുടെ പരാമർശങ്ങൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാരാവിയിൽ 250 സ്ക്വ.ഫീറ്റിലധികമുള്ള വീട് നൽകുക പ്രായോ​ഗി​ഗകമല്ലെന്ന് താക്കറെയ്ക്ക് വ്യക്തമാണ്. എന്നിട്ടും 500 സ്ക്വ.ഫീറ്റ് വീടെന്ന അദ്ദേഹത്തിന്റെ ആരോപണം ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കാൻ വേണ്ടിയാണെന്നും, സംഭവം രാഷ്ട്രീയ ലാഭത്തിനായി മുതലെടുക്കുകയാണെന്നും ഷെവാലെ പറഞ്ഞു.

Tags:    
News Summary - Won't let Mumbai become an Adani city says Uddhav Thackeray

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.