മുംബൈ: കോവിഡ് 19 ബാധിതരുടെ അന്ത്യകർമങ്ങൾ ഉൾപ്പെടെയുള്ള കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്ത് സന്നദ്ധപ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ മഹാരാഷ്ട്രയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) സഹായിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
''എട്ട് വർഷം മുമ്പ് വരെ മറാത്ത്‌വാഡ മേഖലയിലെ നന്ദേഡിൽ മാത്രമാണ് സംഘടനയുടെ സാന്നിധ്യമുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച നിരോധിച്ചപ്പോൾ സംസ്ഥാനത്തെ 35 ജില്ലകളിൽ 22 എണ്ണത്തിലും അതിന് അംഗങ്ങൾ ഉണ്ടായിരുന്നു'' -അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആരംഭിച്ച സംഘടനയെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കേന്ദ്രസർക്കാർ അഞ്ച് വർഷത്തേക്ക് നിരോധിച്ചു. പി.എഫ്.ഐയുടെ നിരവധി അംഗങ്ങളും ഭാരവാഹികളും അറസ്റ്റിലായിട്ടുണ്ട്. അടുത്ത ഏതാനും വർഷങ്ങളിൽ മറാത്ത്‌വാഡ മേഖലയിലെ എട്ട് ജില്ലകളിലും സംഘടന സജീവമായിരുന്നു. 2018 ആയപ്പോഴേക്കും മുംബൈയിലും പൂണെയിലും അംഗങ്ങൾ ഉണ്ടായിരുന്നു.
വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങളിൽ പി.എഫ്.ഐ അംഗങ്ങൾ സന്നദ്ധസേവനം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2021ലെ ചുഴലിക്കാറ്റ് പ്രദേശങ്ങളിൽ സഹായവുമായി പോപുലർ ഫ്രണ്ട് പ്രവർത്തകർ എത്തി. പകർച്ചവ്യാധിയുടെ സമയത്ത്, അണുബാധ ഭയന്ന് അത്തരം രോഗികളുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യാൻ ബന്ധുക്കൾ പോലും മാറിനിന്ന സാഹചര്യത്തിലും സഹായവുമായി പോപുലർ ഫ്രണ്ട് എത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹിന്ദു രോഗികളുടെ മൃതദേഹം സംസ്‌കരിക്കാൻ പോലും അവർ സഹായിച്ചു - ഉദ്യോഗസ്ഥർ പറഞ്ഞു. പൂണെയിൽ, പകർച്ചവ്യാധി ഇരകളുടെ അന്ത്യകർമങ്ങൾ നടത്താൻ മുനിസിപ്പൽ അതോറിറ്റിയിൽ നിന്ന് സംഘടനക്ക് അനുമതി ലഭിച്ചിരുന്നു. എന്നാൽ മുംബൈയിൽ, തീവ്രവാദ സംഘടനകളുമായുള്ള സംഘടനയുടെ ബന്ധം മുംബൈ പൊലീസ് ആരോപിച്ചതിനാൽ അവർക്ക് അനുമതി നിഷേധിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കോലാപൂർ ജില്ലയിൽ, ലോക്കൽ പൊലീസ് പറയുന്നതനുസരിച്ച്, 2019ൽ മൗല മുല്ലയുടെ അധ്യക്ഷതയിൽ നടന്ന പി.എഫ്.ഐ യോഗത്തിൽ 80 പേർ വരെ പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസമാണ് മുല്ല അറസ്റ്റിലായത്. അതിനുമുമ്പ്, കോലാപ്പൂരിൽ നിന്നുള്ള ഒരു പി.എഫ്.ഐ അംഗത്തെ തീവ്ര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് രണ്ട് വർഷം മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അന്വേഷണത്തിന് ശേഷം വിട്ടയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് നടന്ന സംഘടനയുടെ പതാക ഉയർത്തൽ ചടങ്ങുകൾക്കും ഐക്യ ജാഥകൾക്കും 22 ജില്ലകളിൽ മികച്ച പങ്കാളിത്തം ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് ഹിന്ദുക്കളുടെ മൃതദേഹംവരെ പോപുലർ ഫ്രണ്ട് സംസ്കരിച്ചു; ഇത് പ്രചാരം നേടിക്കൊടുത്തു -പൊലീസ്പാൻഡെമിക് സമയത്ത് അതിന്റെ പ്രവർത്തനം അതിന്റെ സ്വാധീനം ജനങ്ങൾക്കിടയിൽ വിപുലീകരിക്കാൻ സഹായിച്ചതായി വ്യക്തമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.