ന്യൂഡൽഹി: തബ്ലീഗ് ജമാഅത്തുകാർ കൊറോണ പരത്തിയതാനാലാണ് രാജ്യത്ത് മൂന്നാംഘട്ട ലോക്ഡൗൺ വേണ്ടി വന്നതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്തി മുഖ്താർ അബ്ബാസ് നഖ്വി.
തബ്ലീഗ് ജമാഅത്തിൻെറ 'കുറ്റകരമായ അനാസ്ഥ'ക്ക് എല്ലാ മുസ്ലിമുകളെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് പറയുമ്പോൾ തന്നെ, ആ സംഭവം രാജ്യം മുഴുവൻ കോവിഡ് 19 പരത്താൻ ഇടയാക്കിയിട്ടുണ്ടെന്ന് ഓർക്കണം. അവരുടെ 'കുറ്റകൃത്യം' എല്ലാ മുസ്ലിമുകളുടേതുമല്ല. ഒരു സംഘടനയുടെ അനാസ്ഥ കൊണ്ട് രാജ്യം മുഴുവനുമാണ് രോഗം പടർന്നത്. തബ്ലീഗ് ജമാഅത്തുകാർ ഈ 'കുറ്റകരമായ അനാസ്ഥ' കാട്ടിയിരുന്നില്ലെങ്കിൽ രാജ്യത്ത് മൂന്നാംഘട്ട ലോക്ഡൗൺ വേണ്ടി വരില്ലായിരുന്നു. ഇതിന് അവർക്ക് നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും നൽകേണ്ടതുണ്ട് - നഖ്വി പറഞ്ഞു.
'ഇന്ത്യ ടുഡേ' സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചയായ 'ഇ-അജണ്ട ആജ്തക്കി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയ സംഭവം കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ കോവിഡ് 19 പോരാട്ടത്തിൽ മുസ്ലിം സമുദായം നൽകുന്ന സംഭാവന വിലപ്പെട്ടതാണ്. സർക്കാർ നടപടികൾക്ക് മികച്ച സഹകരണമാണ് അവർ നൽകുന്നത്. റമദാൻ മാസത്തിൽ ഇഫ്താർ സംഗമവും കൂട്ടപ്രാർഥനയുമൊക്കെ അവർ ഒഴിവാക്കി.
ദുരിതാശ്വാസ നിധിയിലേക്ക് വിവിധ വഖഫ് ബോർഡുകൾ 51 കോടി രൂപയാണ് സംഭാവന നൽകിയത്. രാജ്യത്തെ 16 ഹജ്ജ് ഹൗസുകൾ ക്വാറന്റീൻ കേന്ദ്രങ്ങൾക്കായി തുറന്നു കൊടുത്തെന്നും നഖ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.