യതി നരസിംഹാനന്ദ്
ഗാസിയാബാദ്: മഹാത്മാ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചതിനും വിവാദ പുരോഹിതൻ യതി നരസിംഹാനന്ദിനെതിരെ കേസ്. വിഡിയോ വഴിയായിരുന്നു യതി നരസിംഹാനന്ദിന്റെ അധിക്ഷേപ പരാമർശം. ഗാസിയാബാദിലെ ദാസ്ന ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനാണിയാൾ.
വിഡിയോ പ്രചരിച്ചതിനു പിന്നാലെ ഗാസിയാബാദിലെ വേവ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ സർവേഷ് കുമാർ പാൽ ആണ് പരാതി നൽകിയത്. മഹാത്മാഗാന്ധിക്കും ഗാസിയാബാദ് പൊലീസ് കമീഷണർ അജയ് കുമാർ മിശ്രക്കും ലോണിയിലെ അസിസ്റ്റന്റ് പൊലീസ് കമീഷണർക്കുമെതിരെ നരസിംഹാനന്ദ് വിദ്വേഷ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതായും പരാതിയിലുണ്ട്.
''ഗാസിയാബാദ് പൊലീസ് കമീഷണർ അജയ് കുമാർ മിശ്രക്കും ലോണിയിലെ അസിസ്റ്റന്റ് പൊലീസ് കമീഷണർക്കുമെതിരെ യതി നരസിംഹാനന്ദ് ഒരു വിഡിയോയിൽ അധിക്ഷേപ പരാമർശങ്ങൾ നടത്തി. 'ഗാന്ധിജിയുടെ മുഖത്ത് തുപ്പണം' എന്ന് തുടങ്ങിയ പരാമർശങ്ങളും വിഡിയോയിൽ ഉണ്ട്. ഇതു വഴി വിദ്വേഷം പ്രചരിപ്പിക്കാനും പ്രദേശത്തെ സമാധാനം തകർക്കാനുമാണ് നരസിംഹാനന്ദ് ശ്രമിക്കുന്നത്'' സർവേഷ് കുമാർ പാൽ പരാതിയിൽ ചൂണ്ടിക്കാട്ടി.
പരാതിക്ക് പിന്നാലെ വേവ് സിറ്റി പൊലീസ് സ്റ്റേഷനിൽ നരസിംഹാനന്ദിനെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 351 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (സമാധാന ലംഘനത്തിന് പ്രകോപിപ്പിക്കാനുള്ള ഉദ്ദേശത്തോടെ മനഃപൂർവം അപമാനിക്കൽ), 353 (1) (ബി) (പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവന), 353 (2) (തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കൽ), 292 (പൊതുജനങ്ങളെ ശല്യപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഇതാദ്യമായല്ല നരസിംഹാനന്ദ് വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത്. 2024 ൽ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് യതി നരസിംഹാനന്ദിനെതിരെ മഹാരാഷ്ട്രയിലെ താനെ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു. ഗാസിയാബാദിലെ ഹിന്ദി ഭവനിൽ നടന്ന പരിപാടിയിലായിരുന്നു നരസിംഹാനന്ദയുടെ മതനിന്ദാപരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.