ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയെ നേരിടാൻ വരുണ മണ്ഡലത്തിൽ ബി.എസ് യെദിയൂരപ്പയുടെ മകനെത്തും. ബംഗളൂരുവിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് യെദിയൂരപ്പ ഇതുസംബന്ധിച്ച സൂചന നൽകിയത്. തന്റെ മകൻ ബി.വൈ. വിജയേന്ദ്ര വരുണയിൽനിന്ന് ജനവിധി തേടുന്നത് സംബന്ധിച്ച് ഉന്നതതല ചർച്ചകൾ നടക്കുകയാണെന്ന് യെദിയൂരപ്പ പറഞ്ഞു.
മുസ്ലിംകളുടെ നാല് ശതമാനം സംവരണം റദ്ദാക്കിയതിനെ യെദിയൂരപ്പ ന്യായീകരിച്ചു. അത് ലിംഗായത്തുകൾക്കും വൊക്കലിഗർക്കും വീതിച്ചുനൽകിയതിൽ അനീതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ സംവരണത്തിന് മുസ്ലിംകൾക്കും അർഹതയുണ്ട്.കോൺഗ്രസ് 70 സീറ്റിൽ കൂടുതൽ നേടില്ലെന്നും യെദിയൂരപ്പ പറഞ്ഞു. കർണാടകയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത് മുൻമുഖ്യമന്ത്രിയും ബി.ജെ.പി ദേശീയ പാർലമെന്ററി ബോർഡ് അംഗവുമായ യെദിയൂരപ്പയാണ്.
കോൺഗ്രസ് 124 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. 69 സിറ്റിങ് എം.എൽ.എമാരിൽ 60 പേരും വീണ്ടും കളത്തിലിറങ്ങും. മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തിൽനിന്നാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. മകൻ യതീന്ദ്രയുടെ സിറ്റിങ് സീറ്റാണിത്. കോൺഗ്രസ് ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള നേതാവാണ് സിദ്ധരാമയ്യ. താൻ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നയാളാണെന്നും എന്നാൽ അതിന്റെ പേരിൽ സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറുമായി അഭിപ്രായഭിന്നതയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു.
കോലാറിൽനിന്ന് മത്സരിക്കാനാണ് ആദ്യം സിദ്ധരാമയ്യ തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷിതമല്ലെന്ന വിലയിരുത്തലിന് ശേഷമാണ് മണ്ഡലം മാറിയത്. നിലവിൽ ബാഗൽകോട്ട് ജില്ലയിലെ ബദാമി മണ്ഡലം എം.എൽ.എയാണ് അദ്ദേഹം. ഇത്തവണ മറ്റൊരു മണ്ഡലത്തിൽനിന്നുകൂടി സിദ്ധരാമയ്യ മത്സരിക്കുമെന്നാണ് സൂചന. കോലാറിൽനിന്നും ബദാമിയിൽനിന്നും മത്സരിക്കാനാണ് ആദ്യം ആഗ്രഹിച്ചിരുന്നത്. ആദ്യ പട്ടികയിൽ ഈ രണ്ട് സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.