ബംഗളൂരു: ജൂൺ മൂന്നിന് നടക്കുന്ന കർണാടക നിയമനിർമാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചു. സംസ്ഥാന കോർകമ്മിറ്റി അദ്ദേഹത്തിന്റെ പേര് ദേശീയ കമ്മിറ്റിക്ക് അയച്ചിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റായ വിജയേന്ദ്രക്ക് സീറ്റ് നിഷേധിക്കപ്പെട്ടതോടെ യെദിയൂരപ്പ പക്ഷം പാർട്ടിക്കെതിരെ കാമ്പയിൻ തുടങ്ങി.
എം.എൽ.എമാരാണ് എം.എൽ.സി അംഗങ്ങളെ തെരഞ്ഞെടുക്കുക. കൗൺസിലിലെ ഏഴ് അംഗങ്ങളാണ് കാലാവധി കഴിഞ്ഞ് ജൂൺ 14ന് പിരിയുന്നത്. ഈ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മുൻഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി, സംസ്ഥാന സെക്രട്ടറി ഹേമലത നായക്, എസ്.സി മോർച്ച പ്രസിഡന്റ് ചലവാഡി നാരായണസ്വാമി, എസ്. കേശവപ്രസാദ് എന്നിവരാണ് ബി.ജെ.പി സ്ഥാനാർഥികൾ. നിയമസഭയിലെ അംഗബലം കണക്കിലെടുത്താൽ ബി.ജെ.പിക്ക് നാല്, കോൺഗ്രസിന് രണ്ട്, ജെ.ഡി.എസിന് ഒന്ന് എന്നിങ്ങനെ സീറ്റുകളിലാണ് ജയിക്കാനാവുക.
കർണാടക രാഷ്ട്രീയത്തിലെ അതികായനായ യെദിയൂരപ്പയുടെ രണ്ടാമത്തെ മകനാണ് വിജയേന്ദ്ര. യെദിയൂരപ്പ നിലവിൽ ശിക്കാരിപുര എം.എൽ.എയും മൂത്തമകൻ ബി.വൈ. രാഘവേന്ദ്ര ശിവമൊഗ്ഗയിൽ നിന്നുള്ള എം.പിയുമാണ്. മൂന്നാമതൊരാൾ കൂടി ഒരു കുടുംബത്തിൽ നിന്നുതന്നെ പാർലമെന്ററി രംഗത്തേക്കു വരുന്നത് കോൺഗ്രസ് പ്രചാരണായുധമാക്കിയിരുന്നു. മറ്റ് പാർട്ടികളിലെ കുടുംബവാഴ്ചയെ എതിർക്കുന്ന ബി.ജെ.പിയെ ഇത് വെട്ടിലാക്കിയിരുന്നു. വിജയേന്ദ്രക്ക് ഇതിന് മുമ്പും അവസാന നിമിഷത്തിൽ പല സ്ഥാനങ്ങളും നഷ്ടപ്പെട്ടിരുന്നു. എം.എൽ.സി അംഗത്വവും നിഷേധിക്കപ്പെടുന്നത് യെദിയൂരപ്പക്കുള്ള തിരിച്ചടിയാണ്. സീറ്റ് നിഷേധിച്ചതോടെ വിജയേന്ദ്രയുടെ അനുയായികൾ ബി.ജെ.പി ദേശീയ കമ്മിറ്റിക്കെതിരെയും സംഘടന ചുമതലയുള്ള ദേശീയ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരെയും പ്രതിഷേധം തുടങ്ങി. യെദിയൂരപ്പയുടെ ശത്രുവായാണ് ബി.എൽ. സന്തോഷ് അറിയപ്പെടുന്നത്. എല്ലാവരും സാധാരണ[പ്രവർത്തകരാണെന്നും ശാന്തരാകണമെന്നുമായിരുന്നു വിജയേന്ദ്രയുടെ പ്രതികരണം.
തന്റെ പിതാവ് പാർട്ടിയെ അനുസരിക്കുന്ന സംഘ് പ്രവർത്തകനാണ്. ജനങ്ങളുടെ പിന്തുണയുള്ളതുകൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ നടക്കുന്ന അനാവശ്യ പ്രതിഷേധങ്ങളും വിമർശനങ്ങളും പിതാവിനെ ദോഷകരമായാണ് ബാധിക്കുക. ഇതിനാൽ എല്ലാവരും സമാധാനം പാലിക്കമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസ് വിട്ട് ഈയടുത്ത് ബി.ജെ.പിയിൽ ചേർന്ന മുതിർന്ന നേതാവ് ബസവരാജ് ഹൊരട്ടിയാണ് കർണാടക വെസ്റ്റ് ടീച്ചേഴ്സ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി. ജൂൺ 13നാണ് ഈ തെരഞ്ഞെടുപ്പ് നടക്കുക.
എം. നാഗരാജു യാദവ്, കെ. അബ്ദുൽ ജബ്ബാർ എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം പ്രസിഡന്റായ അബ്ദുൽ ജബ്ബാർ മുസ്ലിം ക്വോട്ട സീറ്റിലേക്കും നാഗരാജ് യാദവ് യാദവ സമുദായത്തിനായി നീക്കിവെച്ച സീറ്റിലേക്കുമാണ് മത്സരിക്കുക. നിലവിലെ എം.എൽ.സിയായ ടി.എ. ശരവണയാണ് ജെ.ഡി.എസ് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.