’യെദിയൂരപ്പ ഇരയെയും മാതാവിനെയും പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു’; പോക്സോ കേസിൽ കുറ്റപത്രം

ബംഗളൂരു: പോക്സോ കേസിൽ ഉൾപ്പെട്ട മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയും സഹായികളും ഇരയായ പെൺകുട്ടിയെയും പരാതിക്കാരിയായ മാതാവിനെയും പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് കുറ്റപത്രം. സി.ഐ.ഡി വിഭാഗം കഴിഞ്ഞ ദിവസം പോക്സോ കേസുകൾക്കായുള്ള ഒന്നാം നമ്പർ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സമർപ്പിച്ച 750 പേജുള്ള കുറ്റപത്രത്തിലാണ് യെദിയൂരപ്പക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്.

സഹായികളായ വൈ.എം. അരുൺ, എം. രുദ്രേഷ്, ജി. മാരിസ്വാമി എന്നിവരും പോക്സോ കേസിൽ പ്രതികളാണ്. കുറ്റപത്രത്തിൽ പറയുന്നതിങ്ങനെ: 2024 ഫെബ്രുവരി രണ്ടിന് രാവിലെ 11.15 ഓടെയാണ് 17കാരിയായ ഇരയും 54കാരിയായ മാതാവും ബി.എസ്. യെദിയൂരപ്പയെ ബംഗളൂരു ഡോളേഴ്സ് കോളനിയിലെ വസതിയിൽ സന്ദർശിക്കുന്നത്.

പെൺകുട്ടിക്കെതിരെ മുമ്പുണ്ടായ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് പരാതി പറയാനാണ് അമ്മയും മകളും എത്തിയത്. യെദിയൂരപ്പ പെൺകുട്ടിയുടെ മാതാവുമായി സംസാരിക്കുന്നതിനിടയിൽ പെൺകുട്ടിയുടെ വലതുകൈയിൽ യെദിയൂരപ്പയുടെ ഇടതുകൈകൊണ്ട് പിടിച്ചു. തുടർന്ന് ഹാളിന് സമീപത്തെ മീറ്റിങ് റൂമിലേക്ക് പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി വാതിലടച്ചു. തുടർന്ന് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി സി.ഐ.ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

ഫെബ്രുവരി 20ന് ഇതുമായി ബന്ധപ്പെട്ട് ഒരു വിഡിയോ പെൺകുട്ടിയുടെ മാതാവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ യെദിയൂരപ്പക്കുവേണ്ടി അദ്ദേഹത്തിന്റെ സഹായികളായ അരുൺ, രുദ്രേഷ്, മാരിസ്വാമി എന്നിവർ ഇവരുടെ വീട്ടിലെത്തി മാതാവിനെയും പെൺകുട്ടിയെയും യെദിയൂരപ്പയുടെ വീട്ടിലേക്ക് കൊണ്ടുവന്നു.

മാതാവിന്റെ ഐഫോണിൽനിന്നും ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നും പ്രസ്തുത വിഡിയോ ഡിലീറ്റ് ചെയ്തെന്ന് അരുൺ ഉറപ്പുവരുത്തി. തുടർന്ന് യെദിയൂരപ്പയുടെ നിർദേശപ്രകാരം, രുദ്രേഷ് പെൺകുട്ടിക്കും മാതാവിനുമായി രണ്ടു ലക്ഷം രൂപ കൈമാറിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ മാർച്ച് 14ന് സദാശിവനഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഡി.ജി.പി അലോക് കുമാറിന്റെ നിർദേശ പ്രകാരം സി.ഐ.ഡിക്ക് കൈമാറി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള (പോക്സോ) നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ വകുപ്പു പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ മാതാവ് മേയ് 26ന് മരണപ്പെട്ടിരുന്നു. 

Tags:    
News Summary - 'Yediyurappa tried to influence victim and mother with money'; Charge sheet in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.