ന്യൂഡൽഹി: അന്ധവിശ്വാസങ്ങളെ അവഗണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തെ സാറ്റലൈറ്റ് സിറ്റിയായ നോയിഡയിലേക്ക്. നോയിഡ സന്ദർശിക്കുന്ന യു.പി മുഖ്യമന്ത്രിമാർക്ക് അധികാരം നഷ്ടമാകുമെന്നും തിരിച്ച് ഔദ്യോഗിക ഒാഫീസിലേക്ക് ഒരു മടക്കമുണ്ടാവില്ലെന്നുമുള്ള വർഷങ്ങളായുള്ള അന്ധവിശ്വാസങ്ങൾ കാറ്റിൽ പറത്തിയാണ് യോഗിയുടെ സന്ദർശനം. നോയിഡയിലെ നിർഭാഗ്യം കാര്യമാക്കുന്നില്ലെന്നും ജനങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന മുഖ്യമന്ത്രി അന്ധവിശ്വാസങ്ങളെ മുഖവിലക്കെടുക്കില്ലെന്നും ബി.ജെ.പി വക്താവ് ചന്ദ്രമോഹൻ സന്ദർശനത്തെ കുറിച്ച് പറഞ്ഞു.
ഡിസംബർ 25ന് സർവീസ് ആരംഭിക്കുന്ന കൽകാജി മെട്രോ ലൈനിന്‍റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാണ് ആദിത്യനാഥ് നോയിഡയിൽ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെട്രോ ലൈനിന്‍റെ ഉദ്ഘാടനം നിർവഹിക്കുക. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിലും ആദിത്യനാഥ് പെങ്കടുക്കുമെന്നും ചന്ദ്രമോഹൻ കൂട്ടിച്ചേർത്തു.
കുഗ്രാമങ്ങൾ നിറഞ്ഞ ഗൗതം ബുദ്ധ് നഗർ ജില്ല വികസിപ്പിച്ചാണ് സംസ്ഥാനത്തെ മുഖ്യ സാമ്പത്തിക മേഖലയായി നോയിഡയെ വികസിപ്പിച്ചെടുത്തത്. മുൻ മുഖ്യമന്ത്രിമാരെല്ലാം അവഗണിച്ച നോയിഡയിലേക്കുള്ള പുതിയ മുഖ്യമന്ത്രിയുടെ വരവും േപാക്കും എങ്ങനെയായിരിക്കുമെന്ന് കാണാൻ കാത്തിരിക്കുകയാണ് യു.പിയിലെ ജനങ്ങൾ.
2013ൽ നോയിഡയിൽ സംഘടിപ്പിച്ച ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് ഉച്ചകോടിയിൽ പെങ്കടുക്കാതെ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് മാറിനിന്നിരുന്നു. മുൻ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവും കല്യാൺ സിങ്ങും കേന്ദ്രമന്ത്രി രാജ് നാഥ് സിങ്ങും നോയിഡയെ പേടിച്ച പ്രമുഖരിൽപെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.