ഹാഥറസിലെ കൊലപാതകത്തിന്​ ഉത്തരവാദി സമാജ്​വാദി പാർട്ടിയെന്ന്​ യോഗി

ലഖ്നോ: ഹാഥറസിൽ ലൈംഗിക പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പരാതി നൽകിയ പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്ന സംഭവത്തിന്‍റെ ഉത്തരവാദിത്തം സമാജ്​വാദി പാർട്ടിക്കാണെന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​.

യു.പി നിയമസഭയിൽ വെച്ചായിരുന്നു യോഗിയുടെ ആരോപണം. ഹാഥറസിലെ കർഷകനെ കൊന്ന സംഭവവുമായി ബന്ധപ്പെട്ട്​ സഭയിൽ സമാജ്​വാദി പാർട്ടി കലഹമുണ്ടാക്കിയിരുന്നു. ബജറ്റ് ചർച്ചയെ തടസ്സപ്പെടുത്തിയായിരുന്നു എസ്​.പി പ്രവർത്തകർ നടുക്കളത്തിലിറങ്ങിയത്​. ഇപ്പോഴത്തെ സർക്കാരിനു കീഴിൽ ക്രമസമാധാനനില ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്നും സംസ്ഥാനത്ത് സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതരല്ലെന്നും അവർ ആരോപിച്ചു.

ഇതിന്​ മറുപടിയായിട്ടായിരുന്നു യോഗി സമാജ്​വാദി പാർട്ടിയെ ആക്രമിച്ചത്​. 'സംസ്ഥാനത്തെ എല്ലാ കുറ്റകൃത്യങ്ങളിലും സമാജ്‌വാദി എന്ന വാക്ക് ഉയർന്നുവരുന്നത്​ എന്തുകൊണ്ടാണ്? ഹാഥറാസ് കർഷക കൊലപാതകത്തിലും സമാജ്‌വാദി പാർട്ടി നേതാക്കളുമായി പ്രധാന പ്രതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ദിവസം മുഴുവൻ പ്രചരിച്ചിരുന്നു" -യോഗി ആരോപിച്ചു.

ബിജെപി നേതാക്കൾക്കൊപ്പമുള്ള പ്രധാന പ്രതികളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി അവകാശപ്പെട്ടപ്പോൾ സമാജ്‌വാദി പാർട്ടി നേതാക്കൾക്കൊപ്പം പ്രധാന പ്രതികളുടെ ചിത്രമുള്ള പോസ്റ്ററുകൾ പാർട്ടി റാലിക്ക് നഗരം മുഴുവൻ ഒട്ടിച്ചിട്ടുണ്ടെന്നും യോഗി മറുപടി നൽകി.

വെടിയേറ്റ് മരിച്ച കർഷകന്‍റെ ശവമഞ്ചമേന്തി മകൾ (ANI)

2018ലാണ് ഗൗരവ് ശർമ എന്നയാൾക്കെതിരെ ലൈംഗിക പീഡനത്തിന് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയത്. കേസിൽ അറസ്റ്റിലായി കുറച്ചുകാലം ജയിലിൽ കഴിഞ്ഞ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി. തിങ്കളാഴ്ച വൈകീട്ട് പ്രതിയുടെയും ലൈംഗികാക്രമണം നേരിട്ട പെൺകുട്ടിയുടെയും കുടുംബങ്ങൾ തമ്മിൽ ഗ്രാമത്തിൽ വെച്ച് വാക്കേറ്റമുണ്ടായി. പ്രകോപിതനായ പ്രതി കൂട്ടാളികളുമായെത്തി യുവതിയുടെ പിതാവിനെ വെടിവെക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയുടെ ഒരു ബന്ധുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെൺകുട്ടി പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്തെ നിലവിലെ ക്രമസമാധാന സാഹചര്യങ്ങളിൽ ജനങ്ങൾക്ക് പൂർണ്ണ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്ന്​ ഒരംഗത്തിന്‍റെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. യുപിയിൽ സമീപകാലത്ത് കലാപങ്ങളൊന്നും നടന്നിട്ടില്ലെന്നും ന്യൂനപക്ഷങ്ങൾ പോലും ഇപ്പോഴത്തെ ഭരണത്തിൻ കീഴിൽ സുരക്ഷിതരാണെന്നും യോഗി അവകാശപ്പെട്ടു. വെടിയുണ്ടകളോ ജയിലോ നേരിടുകയല്ലാതെ കുറ്റവാളികൾക്ക് സംസ്ഥാനത്ത് ഇപ്പോൾ മറ്റൊരു മാർഗമില്ലെന്നും മാഫിയ രാജ് അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. മിഷൻ ശക്തി പദ്ധതി സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിച്ചിട്ടുണ്ട്​. അവർക്ക് മുമ്പത്തേതിനേക്കാൾ കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നും യോഗി കൂട്ടിച്ചേർത്തു. 

Tags:    
News Summary - Yogi Adityanath holds Samajwadi Party responsible for Hathras farmer murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.