ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ കാണാനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിലെത്തി. യോഗിയുടെ നേതൃത്വത്തെക്കുറിച്ച് ഉത്തർപ്രദേശ് ബി.ജെ.പിയിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കായി യോഗി രണ്ടുദിവസം ഡൽഹിയിൽ തങ്ങും. ഇന്ന് അമിത്ഷായെയും നാളെ ജെ.പി നദ്ദയേയും മോദിയേയും കാണുെമെന്നാണ് അറിയുന്നത്.
കോൺഗ്രസിലെ പ്രധാന താരമായ ജിതിൻ പ്രസാദയെ മറുകണ്ടം ചാടിച്ച് ബി.ജെ.പി പാളയത്തിലെത്തിച്ചതിനുശേഷമാണ് യോഗിയുടെ കൂടിക്കാഴ്ച. വരുന്ന തെരഞ്ഞെടുപ്പിൽ ജിതിൻ പ്രസാദയായിരിക്കും കോൺഗ്രസിനെതിരെയുള്ള ബി.ജെ.പിയുടെ തുറുപ്പുചീട്ട്.
ഉത്തർപ്രദേശിൽ യോഗിക്കെതിരെ സ്വന്തം പാളയത്തിൽ നിന്നുതന്നെ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. ചില എം.പിമാരും എം.എൽ.എമാരും പരസ്യമായി തന്നെ സർക്കാർ കോവിഡ് മഹാമാരിയെ നേരിട്ടത് ശരിയായ രീതിയിലല്ലെന്ന വിമർശനം ഉന്നയിച്ചുകഴിഞ്ഞു. ഒരു വർഷം മാത്രമാണ് ഉത്തർപ്രദേശിൽ ഇനി തെരഞ്ഞെടുപ്പിനായി അവശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.