ബംഗളൂരു: ഹിന്ദു എന്ന വാക്കിന്റെ അർത്ഥമറിഞ്ഞാൽ നിങ്ങൾ ലജ്ജിക്കുമെന്നും പേർഷ്യൻ വാക്കായ ഹിന്ദു എങ്ങനെയാണ് ഇന്ത്യക്കാർക്ക് സ്വീകാര്യമായതെന്നും കർണാടക കോൺഗ്രസ് വർക്കിങ് അധ്യക്ഷനും എം.എൽ.എയുമായ സതീഷ് ജാർക്കിഹോളി. തന്റെ പരാമർശം തെറ്റാണെന്ന് തെളിയിച്ചാൽ എം.എൽ.എ സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്നും മാപ്പ് പറയാമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
"ഞാൻ പറഞ്ഞതിൽ തെറ്റില്ല. ഈ പേർഷ്യൻ വാക്ക് എങ്ങനെ വന്നു എന്നതിന് നൂറുകണക്കിന് രേഖകളുണ്ട്. സ്വാമി ദയാനന്ദ സരസ്വതിയുടെ 'സത്യാർത്ഥ് പ്രകാശ്' എന്ന പുസ്തകത്തിലും ഡോ. ജി.എസ്. പാട്ടീലിന്റെ 'ബസവ ഭരത' എന്ന പുസ്തകത്തിലും ബാലഗംഗാധര തിലകും ഇത് പരാമർശിച്ചിട്ടുണ്ട്. 'കേസരി' പത്രവും. ഇവ വെറും മൂന്നുനാല് ഉദാഹരണങ്ങൾ മാത്രമാണ്. വിക്കിപീഡിയയിലോ ഏതെങ്കിലും വെബ്‌സൈറ്റിലോ അത്തരം നിരവധി ലേഖനങ്ങൾ ലഭ്യമാണ്. നിങ്ങൾ അത് വായിക്കണം" -അദ്ദേഹം വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവന തെറ്റാണെന്ന് തെളിഞ്ഞാൽ നിയമസഭാംഗത്വം ഒഴിയുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. "ഞാൻ തെറ്റാണെന്ന് എല്ലാവരും തെളിയിക്കട്ടെ. ഞാൻ തെറ്റ് ചെയ്താൽ എന്റെ പ്രസ്താവനയിൽ മാപ്പ് പറയുക മാത്രമല്ല, ഞാൻ എം.എൽ.എ സ്ഥാനം രാജിവെക്കും" -അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ബെലഗാവി ജില്ലയിൽ ഒരു പരിപാടിക്കിടെയാണ് ജാർക്കിഹോളി ഇക്കാര്യം പറഞ്ഞത്. "ഹിന്ദു" എന്ന വാക്കിന് അസഭ്യമായ അർത്ഥമുണ്ടെന്നും ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്ത ആളുകൾ ഈ വാക്ക് എങ്ങനെ അംഗീകരിക്കുമെന്നും കോൺഗ്രസ് നേതാവ് ചോദിച്ചിരുന്നു.
"ഹിന്ദു എന്ന വാക്ക് എവിടെ നിന്നാണ് ഉത്ഭവിച്ചത്? ഇത് നമ്മുടേതാണോ? ഇറാൻ, ഇറാഖ്, ഉസ്ബെക്കിസ്താൻ, കസാഖിസ്താൻ എന്നീ പ്രദേശങ്ങളിൽ നിന്നുള്ള പേർഷ്യൻ ആണ് ആ വാക്ക്. ഹിന്ദു എന്ന വാക്കിന് ഇന്ത്യയുമായി എന്താണ് ബന്ധം? പിന്നെ എങ്ങനെയാണ് നിങ്ങൾ ഇത് അംഗീകരിക്കുക? ഹിന്ദുവിന്റെ അർത്ഥം അറിഞ്ഞാൽ നിങ്ങൾ ലജ്ജിക്കും" -അദ്ദേഹം കൂട്ടിച്ചേർത്തു. ജാർക്കിഹോളിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തുവന്നിട്ടുണ്ട്. ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.