ബംഗളൂരു: ഒരേ സമയം യുവാവ് പ്രണയിച്ചത് രണ്ടു യുവതികളെ. യുവാവിനെ വിവാഹം ചെയ്യാനായി രണ്ടു യുവതികളും രംഗത്തെത്തിയതോടെ നടന്നത് സിനിമ കഥയെ വെല്ലുന്ന ക്ലൈമാക്സ്. പ്രശ്ന പരിഹാരത്തിനായി ചേർന്ന പഞ്ചായത്ത് യോഗത്തിൽ നാണയം േടാസിട്ടാണ് യുവാവ് രണ്ടു യുവതികളിൽ ആരെയാണ് വിവാഹം കഴിക്കേണ്ടതെന്ന് തീരുമാനിച്ചത്. നാണയം ടോസിട്ടുള്ള ഭാഗ്യം തന്നെ തുണച്ചില്ലെങ്കിലും യുവാവിെൻറ മുഖത്തടിച്ചാണ് ചുട്ട മറുപടി നൽകിയാണ് രണ്ടാമത്തെ യുവതി സ്ഥലത്തുനിന്നും മടങ്ങിയത്.
കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്പുർ താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം. ഹരികൃഷ്ണൻസ് എന്ന മലയാള സിനിമയിൽ നായികയായ ജൂഹി ചൗള സിനിമയിലെ ഇരട്ട നായകന്മാരായ മോഹൻലാലിനെയാണോ മമ്മൂട്ടിയെയാണോ സ്വീകരിക്കുക എന്നത് കളം വരച്ചശേഷം തുളസിയിട്ടാണ് തീരുമാനിച്ചത്. ഇരട്ട ക്ലൈമാക്സിെൻറ പേരിൽ ചിത്രം വിവാദമായെങ്കിലും സകലേഷ്പുരിൽ നാണയം കൊണ്ടുള്ള ടോസ് ലഭിച്ച യുവതിയെ തന്നെ പഞ്ചായത്ത് തീരുമാന പ്രകാരം യുവാവിനെ വിവാഹം കഴിച്ചു.
ഒരു വർഷം മുമ്പാണ് സകലേഷ്പുരയിലെ മുൻ ജില്ല പഞ്ചായത്ത് അംഗത്തിെൻറ മകനായ 27കാരൻ അയൽഗ്രാമത്തിലെ 20കാരിയുമായി പ്രണയത്തിലാകുന്നത്. ഇതിനിടെ ആറു മാസം മുമ്പ് യുവാവ് മറ്റൊരു ഗ്രാമത്തിലെ യുവതിയുമായും സൗഹൃദത്തിലായി. ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയമായി. ഒരേ സമയം, യുവാവ് രണ്ടു പേരെ പ്രണയിക്കുന്ന കാര്യം രണ്ടു യുവതികളും അറിഞ്ഞിരുന്നില്ല. ഇതിനിടയിൽ യുവാവിെൻറ ഒരു പ്രണയം വീട്ടുകാർ അറിഞ്ഞു. തുടർന്ന് പ്രണയിനികളിലൊരാൾ വീട്ടുകാരുമായി യുവാവിെൻറ വീട്ടിലെത്തി വിവാഹം ആലോചിച്ചു.
ഈ വിവരം രണ്ടാമത്തെ യുവതി അറിഞ്ഞു. തുടർന്ന് രണ്ടാമത്തെ യുവതിയുടെ വീട്ടുകാരും യുവാവിെൻറ വീട്ടിലെത്തി വിവാഹം ആലോചിച്ചു. ഇതോടെ യുവാവിെൻറ വീട്ടുകാർ ആകെ കൺഫ്യൂഷനിലായി. പ്രശ്ന പരിഹാരത്തിനായി പ്രാദേശിക പഞ്ചായത്ത് (ഗ്രാമ മുഖ്യനെ പങ്കെടുപ്പിച്ച് ചേരുന്ന യോഗം) ചേർന്നെങ്കിലും ഇരു യുവതികളും യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു. ഇതിനുശേഷം യുവാവിെൻറ ആദ്യ കാമുകി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. തുടർന്ന് കഴിഞ്ഞ വീണ്ടും പഞ്ചായത്ത് ചേർന്നു. പഞ്ചായത്തിെൻറ തീരുമാനം അംഗീകരിക്കുമെന്ന് യുവാവിെൻറ വീട്ടുകാരിൽനിന്ന് എഴുതി വാങ്ങിയശേഷമാണ് നാണയം ടോസിട്ടത്.
േടാസ് യുവാവ് ആദ്യം പ്രണയിച്ച യുവതിക്ക് അനുകൂലമായി. ഇതോടെ രണ്ടാമത്തെ യുവതി യുവാവിെൻറ മുഖത്തടിച്ചു. നീ എന്നെ വഞ്ചിച്ചുവെന്നും നിന്നേക്കാൾ നല്ല ജീവിതം ഞാൻ നയിക്കുമെന്നും വെറുതെ വിടില്ലെന്നും പറഞ്ഞുകൊണ്ട് സ്ഥലത്തുനിന്നും മടങ്ങിയ യുവതിയെ കൈയടികളോടെയാണ് ഗ്രാമത്തിലുള്ളവർ യാത്രയാക്കിയത്. അതേസമയം, ടോസിടുന്നതിന് മുമ്പ് തന്നെ ആത്മഹത്യക്ക് ശ്രമിച്ച ആദ്യം പ്രണയിച്ച യുവതിയെ വിവാഹം കഴിക്കാമെന്ന് യോഗത്തിൽ യുവാവ് അറിയിച്ചതായും തുടർന്ന് ഇരുവരുടെയും വിവാഹം നടത്തുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്തായാലും ത്രികോണ പ്രണയം ടോസിട്ടാണെങ്കിലും പരിഹരിച്ചതിെൻറ സന്തോഷത്തിലാണ് ഗ്രാമവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.