ചെന്നൈ: രാജ്യത്തെ ബുൾഡോസർ രാജിനെതിരെയും ബി.ജെ.പി സർക്കാറിന്‍റെ ജനാധിപത്യ വേട്ടക്കുമെതിരെ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ദേശീയ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ചെന്നൈയിൽ ജനാധിപത്യ സംഗമം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന പ്രതിഷേധ പരിപാടി ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു.
ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ, മുഹമ്മദ് സുബൈർ തുടങ്ങിയവരെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവം ഇന്ത്യൻ ജനാധിപത്യം മരണാസന്നമാണ് എന്നതിന്‍റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. ജഹാംഗീർ പുരിയിലും, മധ്യപ്രദേശിലും ഉത്തർപ്രദേശിലും ജനാധിപത്യപരവും സമാധാനപരവുമായി പ്രതിഷേധിച്ചവരുടെ വീടുകൾക്കു നേരെ രാവ് വെളുക്കുംമുമ്പ് ബുൾഡോസറുകൾ ഇരച്ചെത്തിയതും ഇതിന്‍റെ ഭാഗമാണ്. ഇന്ത്യയുടെ അസ്ഥിവാരം മാന്തുന്ന കാടത്തമാണ് ബി.ജെ.പി നേതൃത്വത്തിൽ നടക്കുന്നത്. ഈ സമരം അവസാനിക്കുന്നില്ലെന്നും രാജ്യ തലസ്ഥാനത്തടക്കം തുടർ പ്രക്ഷോഭങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടീസ്റ്റ - ശ്രീകുമാർ - സുബൈർ എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകൾ കൈയിലേന്തിയാണ് പ്രവർത്തകർ പ്രക്ഷോഭത്തിൽ അണിനിരന്നത്. യൂത്ത് ലീഗ് തമിഴ് നാട് സംസ്ഥാന ജനറൽ സെക്രട്ടറി അൻസാരി മതാർ, എം.എസ്.എഫ് ദേശീയ സെക്രട്ടറി പി. അമീൻ, യൂത്ത് ലീഗ് ഭാരവാഹികളായ അല്ലാ ബക്ശ്, മുഹമ്മദ് ഇബ്രാഹീം, എം. ഇമ്രാൻ, സിയാവുദ്ദീൻ, റഹീം ചാച്ചാൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.