ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം അടിച്ചമർത്തിയ ഉത്തർപ്രദേശ് അക്ഷരാർഥത്തിൽ കുരുതിക്കളമായെന്ന് അവിടം സന്ദർശിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ വസ്തുതാന്വേഷണ സംഘം വെളിപ്പെടുത്തി. ഒരു പ്രകോപനവുമില്ലാതെ പൊലീസ് ആറു പേരെ വെടിവച്ച് കൊലപ്പെടുത്തിയ മീറത്തിലെ സ്ഥിതി ഭീതിദമായി തുടരുകയാണെന്ന് സംഘം വ്യക്തമാക്കി. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, എം.എസ്.എഫ് ദേശീയ പ്രസിഡൻറ് ടി.പി അഷ്റഫലി, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. വി.കെ. ഫൈസൽ ബാബു, സെക്രട്ടറി സജ്ജാദ് ഹുസൈൻ അക്തർ, എക്സിക്യൂട്ടീവ് അംഗം ഷിബു മീരാൻ എന്നിവരടങ്ങുന്ന സംഘമാണ് യു.പിയിലെത്തിയത്.
ഡിസംബർ 20നാണ് മീറത്തിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ പൊലീസ് വെടിെവച്ചു കൊന്നതെന്ന് സി.കെ. സുബൈർ പറഞ്ഞു. ഫിറോസ് നഗറിൽ കൊല്ലപ്പെട്ട ആസിഫ് അഹമ്മദിെൻറ വീട്ടിലെ കാഴ്ച ഹൃദയഭേദകമാണ്. ഫക്രുദീൻ അലി അഹമ്മദ് നഗറിൽ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭം നടന്ന ഹാപുർ റോഡിൽനിന്നു ദൂരെയുള്ള ഫിറോസ് നഗർ അടക്കമുള്ള പ്രദേശങ്ങളിൽ കടന്നുവന്ന് പ്രകോപനമില്ലാതെയാണ് കണ്ണിൽ കണ്ടവരെയൊക്കെ വെടിെവച്ച് വീഴ്ത്തിയത്. ഇതുവരെ ഒരു കേസുപോലും രജിസ്റ്റർ ചെയ്യാതിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ്. നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാനും നീതി ലഭിക്കാനും നിയമപോരാട്ടത്തിന് തുടക്കം കുറിക്കാനും മുസ്ലിം ലീഗ് നേതാക്കളായ അഭിഭാഷകരുടെ നിയമസഹായ സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്. അടുത്ത ദിവസം തന്നെ മുസ്ലിം ലീഗ് ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കും.
ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഇക്ബാൽ അഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സുബൈർ, മീറത്ത് പ്രസിഡൻറ് ഇദ്രീസ് അഹമ്മദ്, ജനറൽ സെക്രട്ടറി യൂസഫ് മുഹമ്മദ്, രിസ്വാൻ അൻസാരി, ഹാഫിസ് മുഹമ്മദ്, അഡ്വ. ഉവൈസ്, അഡ്വ. ഡാനിഷ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർ നേതാക്കളെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.