വൈ.എസ്.ആർ കോൺഗ്രസ് എം.പി മിഥുൻ റെഡ്ഡി വീട്ടുതടങ്കലിൽ

തിരുപ്പതി: രാജംപേട്ടിൽ നിന്നുള്ള വൈ.എസ്.ആർ കോൺഗ്രസ് എം.പി പി. മിഥുൻ റെഡ്ഡിയെ പൊലീസ് വീട്ടുതടങ്കലിലാക്കി. ഞായറാഴ്ച ഇദ്ദേഹം ചിറ്റൂർ ജില്ലയിലെ പുംഗനൂരിലേക്ക് പാർട്ടി പ്രവർത്തകരെ കാണാൻ പോകാനൊരുങ്ങുന്നതിനിടെയാണ് സംഭവം. സമാധാന പ്രശ്നമുണ്ടാക്കുമെന്ന ആശങ്കയുള്ളതിനാൽ മിഥുൻ റെഡ്ഡിയുടെ നഗര സന്ദർശനത്തിന് പൊലീസ് അനുമതി നൽകിയില്ല. എം.പിയുടെ വീട്ടിലെത്തിയ ശേഷമാണ് ഏതാനും പൊലീസുകാർ അദ്ദേഹത്തിന് സന്ദർശനത്തിന് അനുമതിയില്ലെന്ന് അറിയിച്ചത്.

വൈ.എസ്.ആർ.സി.പി പ്രവർത്തകർ ഒത്തുകൂടുന്നത് തടയാൻ അദ്ദേഹത്തിന്റെ വീടിന് പുറത്ത് വൻതോതിൽ പൊലീസുകാരെ വിന്യസിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

മുൻ മന്ത്രി പി.രാമചന്ദ്ര റെഡ്ഡിയുടെ നിയമസഭാ മണ്ഡലത്തിൻ്റെ ആസ്ഥാനമായ പുംഗനൂർ സന്ദർശിക്കുന്നത് തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) പ്രവർത്തകർ അടുത്തിടെ തടഞ്ഞിരുന്നു. പുംഗനൂർ മണ്ഡലത്തിൽ നിന്നുള്ള വൈ.എസ്.ആർ.സി.പി എം.എൽ.എയും മിഥുൻ റെഡ്ഡിയുടെ പിതാവുമാണ് രാമചന്ദ്ര റെഡ്ഡി.

ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതു മുതലാണ് ഈ മണ്ഡലത്തിൽ സംഘർഷം തുടങ്ങിയത്. രാമചന്ദ്ര റെഡ്ഡി തുടർച്ചയായി നാലാം തവണയും പുംഗനൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. രാമചന്ദ്ര റെഡ്ഡിയോട് പരാജയപ്പെട്ട ടി.ഡി.പിയുടെ ചള്ള രാമചന്ദ്ര റെഡ്ഡി, മുൻ മന്ത്രിയെ മണ്ഡലം സന്ദർശിക്കുന്നത് തടഞ്ഞ പാർട്ടി പ്രവർത്തകരുടെ നടപടിയെ ന്യായീകരിച്ചു. മണ്ഡലത്തിൽ തങ്ങളുടെ പ്രവർത്തകർക്ക് നേരെ ടി.ഡി.പി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതായി വൈ.എസ്.ആർ.സി.പി ആരോപിച്ചു.

അക്രമത്തിന് വിധേയരായ പാർട്ടി പ്രവർത്തകരെ കാണാനായി പുംഗനൂരിലേക്ക് പോകുന്നതിനിടെയാണ് തന്നെ വീട്ടുതടങ്കലിലാക്കിയതെന്ന് മിഥുൻ റെഡ്ഡി പ്രതികരിച്ചു. പുംഗനൂരിൽ നിരവധി പാർട്ടി പ്രവർത്തകരുടെ വീടുകൾ തകർത്തതായും വൈ.എസ്.ആർ.സി.പി ആരോപിച്ചു. മന്ത്രിയായിരിക്കെ തനിക്ക് നൽകിയ 5+5 സുരക്ഷ തുടരാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്ര റെഡ്ഡി കഴിഞ്ഞ ആഴ്ച ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്ക് 4+4 സുരക്ഷ തുടരണമെന്ന് ആവശ്യപ്പെട്ട് മിഥുൻ റെഡ്ഡിയും ഹർജി നൽകി. രണ്ട് ഹർജികളിലും കൗണ്ടർ ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്.

Tags:    
News Summary - YSRCP MP Midhun Reddy placed under house arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.