സൽമാനെ കൊല്ലാൻ ലോറൻസ് ബിഷ്ണോയി നിയോഗിച്ചത് 18ന് താഴെയുള്ള കുട്ടികളെ; 25 ലക്ഷത്തിന് കരാർ നൽകി

മുംബൈ: നടൻ സൽമാൻ ഖാന്‍റെ വീടിനുനേർക്ക് വെടിവെപ്പ് നടത്തിയ കേസിലെ പുതിയ കുറ്റപത്രത്തിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നടനെ കൊലപ്പെടുത്താൻ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘം 25 ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നെന്നും 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെ ഇതിനായി നിയോഗിച്ചിരുന്നെന്നും അടക്കമുള്ള വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്.

സിദ്ദു മൂസെ വാലയെ കൊലപ്പെടുത്തിയ രീതിയിലാണ് സൽമാനെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടതത്രെ. ഇതിനായി 25 ലക്ഷം രൂപയുടെ കരാർ നൽകി. 2023 ആഗസ്റ്റ് മുതൽ 2024 ഏപ്രിൽ വരെ മാസങ്ങളോളം ഇതിനുള്ള തയാറെടുപ്പ് നടത്തി. എ.കെ 47, എ.കെ 92, എം16 റൈഫിളുകൾ, തുർക്കി നിർമ്മിത സിഗാന പിസ്റ്റൾ എന്നിവയുൾപ്പെടെ ആയുധങ്ങളും തോക്കുകളും പാകിസ്താനിൽ നിന്ന് വാങ്ങാനും പദ്ധതിയിട്ടു.

സൽമാന്‍റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാൻ 70ഓളം പേരെ നിയോഗിച്ചിരുന്നു. 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളെ ചുമതലപ്പെടുത്തി. ഇവർ ഗോൾഡി ബ്രാറിന്‍റെയും അൻമോൽ ബിഷ്‌ണോയിയുടെയും ഉത്തരവുകൾക്കായി കാത്തിരിക്കുകയായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഏപ്രിലിലാണ് മുംബൈയിലെ ബാന്ദ്രയിലുള്ള സൽമാൻ ഖാന്‍റെ ഗ്യാലക്സി അപാർട്മെന്‍റിനുനേർക്ക് ബൈക്കിലെത്തിയ രണ്ടു പേർ വെടിയുതിർത്തത്. ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പിന്നീട് തെളിയുകയായിരുന്നു.

Tags:    
News Summary - Bishnoi Gang Issued 25 Lakh Bounty for killing Salman Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.