യു.പിയിലെ മുഴുവൻ സീറ്റുകളിലും തന്‍റെ പാർട്ടി ജയിച്ചാലും ഇ.വി.എമ്മുകളെ വിശ്വസിക്കില്ലെന്ന് അഖിലേഷ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ 80 ലോക്സഭ സീറ്റുകളിലും തന്‍റെ പാർട്ടി വിജയിച്ചിരുന്നെങ്കിലും ഇലക്ട്രിക് വോട്ടിങ് മെഷീനുകളെ വിശ്വസിക്കില്ലെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ലോക്‌സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമ്പോൾ ഇ.വി.എമ്മുകൾ നിർത്തലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ഞാൻ ഇ.വി.എമ്മുകളെ വിശ്വസിച്ചിട്ടില്ല, ഇന്നും ഞാൻ വിശ്വസിക്കുന്നില്ല. 80 സീറ്റുകളിലും വിജയിച്ചാലും ഇ.വി.എമ്മുകളെ വിശ്വസിക്കില്ല. ഇ.വി.എമ്മുകളുടെ പ്രശ്നം അവസാനിച്ചിട്ടില്ല. ഞങ്ങൾ സമാജ്‌വാദികൾ അതിൽ ഉറച്ചുനിൽക്കും -അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമീഷനെയും അദ്ദേഹം വിമർശിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയപ്പോൾ സർക്കാറും കമീഷനും ചിലർക്ക് അനുകൂലമായി പെരുമാറുകയായിരുന്നു. വിശദാംശങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. ആ സ്ഥാപനത്തെക്കുറിച്ചും ചോദ്യം ഉയർന്നിട്ടുണ്ട് -അഖിലേഷ് പറഞ്ഞു.

നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ ലോക്സഭയിൽ രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പ്രസംഗത്തിന് പിന്തുണ നൽകി അഖിലേഷ് രംഗത്തെത്തിയിരുന്നു. രാഹുൽ​ ​ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബി.ജെ.പിയുടെ തന്ത്രമാണെന്ന് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. അ​ഗ്നിവീർ, കർഷകരുടെ പ്രശ്നങ്ങൾ, പഴയ പെൻഷൻ പദ്ദതി തുടങ്ങി രാഹുൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും സജീവമാണ്. സർക്കാർ പുതിയതാണെങ്കിലും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

Tags:    
News Summary - Will not trust EVMs even if I win all 80 seats in UP says Akhilesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.