മുംബൈ: ബാന്ദ്ര ഈസ്റ്റ് സീറ്റ് ശിവസേനക്ക് നൽകാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ വിമർശനവുമായി ബാബ സിദ്ദീഖിയുടെ മകൻ ഷീസാൻ സിദ്ദീഖി. കഴിഞ്ഞ ദിവസം ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വിട്ടിരുന്നു. ബാന്ദ്ര ഈസ്റ്റിൽ ശിവസേനയാണ് മത്സരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇവിടത്തെ എം.എൽ.എയായ ഷീസാൻ സിദ്ദിഖി കോൺഗ്രസിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
ഞങ്ങളുടെ പഴയ സുഹൃത്തുക്കൾ ബാന്ദ്ര ഈസ്റ്റിൽ നിന്നും സ്ഥാനാർഥിയെ പ്രഖ്യാപിച്ച വിവരം അറിഞ്ഞു. പരസ്പര ബഹുമാനം നൽകുന്നവരുമായി മാത്രം ബന്ധം സ്ഥാപിക്കുകയാണ് നല്ലത്. ആളുകളുടെ എണ്ണം കൂട്ടിയത് കൊണ്ട് മാത്രം കാര്യമില്ല. ഇനി പൊതുജനങ്ങൾ തീരുമാനിക്കട്ടെയെന്നായിരുന്നു ഷീസാന്റെ പ്രതികരണം.
നേരത്തെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഷീസാനെ പുറത്താക്കിയിരുന്നു. എൻ.സി.പി അജിത് പവാർ വിഭാഗവുമായി ഷീസാൻ അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് സീറ്റ് ശിവസേനക്ക് നൽകുകയും പാർട്ടി അവിടെ വരുൺ സർദേശായിയെ സ്ഥാനാർഥിയാക്കുകയും ചെയ്തത്.
ബാന്ദ്ര ഈസ്റ്റിൽ എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർഥിയായി ഷീസാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.